കോഴിക്കോട് പാളയം ബസ് സ്റ്റാന്റില്‍നിന്നും, തളി മഹാശിവക്ഷേത്രത്തിനു മുന്നിലൂടെ, ചാലപ്പുറം വഴി സഞ്ചരിക്കുമ്പോള്‍, ഗതകാല പ്രൗഢിയില്‍ ഒരു മണിമാളിക കാണാം.
മുന്വശത്തൂടെ കടന്നുപോകുന്ന റോഡിന്റെ പേരുതന്നെയാണ് വീടിനും.
പൂന്താനം.
നഗരമധ്യത്തിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് കുറേ ചരിത്രമുണ്ട്.
മലയാളഭാഷയിലെ ആദ്യനോവലായ കുന്ദലതയുടെ കര്‍ത്താവ്, ഭാരതത്തിലെ രണ്ടാമത്തെയും, കേരളത്തിലെ ആദ്യത്തെയും ഷെഡ്യൂള്‍ഡ് ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍, ഇരുപത് വര്‍ഷം മലബാറിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങി സാമൂഹിക വികസനത്തിന് നിരവധി സംഭാവനകള്‍ നല്കിയ റാവു ബഹുദൂര്‍ ടി.എം. അപ്പു നെടുങ്ങാടിയുടെ വീടാണിത്.
ഇന്നിവിടെ താമസിക്കുന്നത് മറ്റൊരു പ്രതിഭയാണ്.
കോഴിക്കോട്ടുകാര്‍ക്ക് മാത്രമല്ല, ലോകമെങ്ങുമുള്ള നിരവധി പ്രമുഖ ഡോക്ടര്‍മാരുടെ ഗുരുവായ ഡോ. കെ. മാധവന്‍കുട്ടിക്ക് ഈ വരുന്ന 24 -ാം തിയ്യതി തൊണ്ണൂറാം പിറന്നാള്‍ ദിനമാണ്. അന്നുതന്നെയാണ് മുംബൈയില്‍ താമസിക്കുന്ന കൊച്ചുമകളുടെ വിവാഹവും.
വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ടതില്ല. അവര്‍ പഠിക്കുന്ന ടെക്സ്റ്റ് ബുക്ക് ഓഫ് ഫിസിയോളജി അദ്ദേഹം രചിച്ചതാണ്.
കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ പദവി, തൃശൂര്‍ മെഡി.കോളേജിന്റെ തുടക്കത്തില്‍ സ്പെഷല്‍ ഓഫീസര്‍ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍…….
ഡോ.മാധവന്‍കുട്ടി ഔദ്യോഗികജീവിതത്തില്‍ വഹിച്ച പദവികള്‍ ഇതെല്ലാമാണ്. പ്രൊഫഷന് കൊണ്ട് ഒരു മെഡിക്കല്‍ അധ്യാപകന് എന്നു പറയാമെങ്കിലും ഈ പദവിയിലിരുന്ന് അദ്ദേഹം പൂര്‍ത്തീകരിച്ചതെല്ലാം ആധുനിക ആരോഗ്യരംഗത്തെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുകയായിരുന്നു. ആരോഗ്യരംഗം സേവനത്തിന്റെ പാതയിലേക്ക് നയിക്കുന്ന സേവാഭാരതിയുടെ തുടക്കവും ഈ വീട്ടില്‍ നിന്നും ഡോക്ടറുടെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു.
1943 ല്‍ മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയാണ് വൈദ്യലോകത്തേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. മെഡിക്കല്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി കുറച്ചുകാലം അവിടെത്തന്നെ ഫിസിയോളജി പ്രൊഫസറായി പ്രവര്‍ത്തിച്ചു.പിന്നീടാണ് ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന സംഭാവനകള്‍ നല്കി ഡോ.മാധവന്‍കുട്ടിയുടെ ജീവിത പ്രയാണം തുടങ്ങുന്നത്.
1977 ല്‍ മാതൃകാ അധ്യാപകനുള്ള ബി.സി.റോയ് നാഷണല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. അതേവര്‍ഷം തന്നെ നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫെലോ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഡോ:മാധവന് കുട്ടിയുടെ ശിക്ഷണത്തില്‍ ചികിത്സാരംഗത്തേക്ക് പ്രവേശിച്ച ശിഷ്യര്‍ അനേകം. ഡോ. സി.കെ. രാമചന്ദ്രന്, ഡോ. ശാന്തകുമാര്‍, ശങ്കരന്കുട്ടിവാര്യര്, ഭാസ്കരവാര്യര്‍, ത്യാഗരാജന് തുടങ്ങിയ വൈദ്യശ്രേഷ്ഠര്‍ അവരില്‍ ചിലരാണ്.
കുറച്ചു കാലം രാഷ്ട്രീയരംഗത്തും ഉണ്ടായിരുന്നു.1984 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും തുടര്‍ന്നുവന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കമ്യൂണിസ്റ്റുകാരുടെ ചില നിലപാടുകളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന ഡോക്ടര്‍ എല്ലാ മത-രാഷ്ട്രീയ കക്ഷികളോടും തുല്യമായ, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നു.
നവതിയിലെത്തിയെങ്കിലും സാമൂഹിക-സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാണ് ഡോക്ടര്‍. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആദ്യ അദ്ധ്യക്ഷനായ അദ്ദേഹം മുപ്പത്തിയെട്ടു വര്‍ഷം നേതൃത്വം വഹിച്ചു. ഭാരതീയ വിദ്യാഭവന് കോഴിക്കോട് കേന്ദ്രത്തിന്റെ ചെയര്മാന്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഭരണസമിതി അംഗം, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ എത്തിക്കല്‍ കമ്മറ്റി ചെയര്മാന്. ഇവര്‍ പുറത്തിറക്കുന്ന ‘ആര്യവൈദ്യന്‍ ത്രൈമാസികയുടെ ഓണററി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ 90-ാം വയസ്സിലും അദ്ദേഹത്തിന് ഭാരമല്ല.
നല്ലൊരു ചിത്രകാരന് കൂടിയാണ് ഡോക്ടര്‍. വര്‍ണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും, അതിന്റെ വിന്യാസത്തിലും അതീവ ശ്രദ്ധപുലര്‍ത്തുന്ന മികച്ച ഒരു കലാകാരനെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ കാണാം.ജ്യാമിതീയ രൂപത്തിലാണ് മിക്ക ചിത്രങ്ങളും. സര്‍വ്വീസിലിരിക്കെ അനാവശ്യമായി പല മീറ്റിംഗുകളിലും മണിക്കൂറുകളോളം ഇരിക്കണം. അപ്പോള്‍ മുന്‍പിലുള്ള കടലാസില്‍ വെറുതെ കുത്തിക്കുറിക്കും. വിരസമായ ഇത്തരം സമയം ഫലപ്രദമായി വിനിയോഗിച്ചതിനാലാണ് ചിത്രകാരനായതെന്ന് ഡോക്ടര്‍ കരുതുന്നു. അടുത്തകാലത്ത് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ഏതാനും ചിത്രങ്ങള്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഡോ. മാധവന് കുട്ടിയുടെ അരനൂറ്റാണ്ടുകാലത്തെ ജീവസ്പര്‍ശിയായ സര്‍വ്വീസ് സ്റ്റോറി ”മായില്ലീ കനകാക്ഷരങ്ങള്‍” വൈദ്യശാസ്ത്ര മേഖലയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. 63 വര്‍ഷത്തെ വൈദ്യ വിദ്യാഭ്യാസ ലോകവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് രചിച്ച ആത്മകഥയാണിത്. ഒരു ആത്മകഥ വായിച്ചുപോകുന്നതിലുപരിയായി ആരോഗ്യ രംഗത്തിന്റെ ഇന്നലെ- ഇന്ന്- നാളെയുടെ വ്യക്തമായ വിലയിരുത്തല്‍ കൂടിയാണ് ഈ പുസ്തക വായന നല്‍കുന്നത്. പ്രത്യേകിച്ചും, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ മെഡിക്കല്‍ കോളേജുകളുടെ ആരംഭവും, ചരിത്ര പശ്ചാത്തലവും, വളര്‍ച്ചാഘട്ടങ്ങളും. 2007 ലാണ് പുസ്തകം പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് തര്‍ജ്ജമയും പുറത്തിറങ്ങി. ഭഗവദ്ഗീതയുടെ ഇംഗ്ലീഷ് തര്‍ജ്ജമയും രചിച്ചിട്ടുണ്ട്.
പൂര്‍ണമായും എഴുത്തിന്റെയും, വായനയുടെയും ലോകത്താണിന്ന് ഡോക്ടര്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 75 ലധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. അലോപ്പതി, ആയുര്‍വ്വേദ ചികിത്സാവിഭാഗങ്ങളിലെ ഗ്രന്ഥങ്ങളെ കൂടാതെ ജീവചരിത്രം, സാമ്പത്തികം, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍, നിരൂപണങ്ങള്‍, യാത്രാവിവരണം എന്നിവയാണ് ഇവയില്‍ ചിലത്.കൈവച്ച ഏതു മേഖലയിലും തന്റെതായ മുദ്ര പതിപ്പിച്ച ഡോക്ടര്‍, അവയെല്ലാം സമൂഹത്തിലേയ്ക്ക് പകര്‍ന്നത് അക്ഷരങ്ങളിലൂടെ ആയിരുന്നു. ഇങ്ങനെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണെങ്കില്‍ നാലായിരത്തിലധികം വരും.
ആരോഗ്യ രംഗത്തെക്കുറിച്ച്
1925 ജനുവരി 25 നാണ് ജനനം. ധനുമാസത്തിലെ അവിട്ടം നാള്. അതുപ്രകാരം വരുന്ന 22 നാണ് പിറന്നാള്‍. കുടുംബത്തോടൊപ്പം മുംബൈയിലാണ് നവതി ദിനം ആഘോഷിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഡോ.മാധവന് കുട്ടിയെ കണ്ട് പിറന്നാള്‍ വിശേഷങ്ങള്‍ തിരക്കാനായി പൂന്താനത്ത് എത്തുന്നത്. കോലായില്‍ കുറച്ചു പേര് ഇരിക്കുന്നു. മാറിമാറി ഓരോരുത്തരായി ഉറക്കെ അക്ഷര സ്ഫുടതയോടെ താളത്തില്‍ ചൊല്ലുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിനി മുതല്‍ പ്രായമായവര്‍ വരെ അക്കൂട്ടത്തിലുണ്ട്. അപരിചിതനായ എന്നെ കണ്ടതും ഡോക്ടര്‍ ഇരിക്കാനായി ആംഗ്യം കാണിച്ചു. ഏവരും ശ്രദ്ധയോടെ കേട്ടിരുന്ന് തെറ്റാതെ അക്ഷരശ്ലോകം ചൊല്ലുകയാണ്. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് നാലര മുതല്‍ ഏഴു മണി വരെ ഈ കൂട്ടായ്മ പതിവാണ്. സദസ്സ് പിരിഞ്ഞു. തുടര്‍ന്ന് ഡോ.മാധവന് കുട്ടി ഇന്നത്തെ ആരോഗ്യരംഗത്തെ വിലയിരുത്തി സംസാരിച്ചു.
ആതുരസേവന രംഗത്തു വന്നതു മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്താണ് പ്രവര്‍ത്തിച്ചത്. സ്വകാര്യ പ്രാക്ടീസ് തീരെയില്ല. ഇന്ന് ആരോഗ്യപഠന രംഗത്ത് വന്‍മാറ്റങ്ങള്‍ സംഭവിച്ചു. ഏതൊരു എംബിബിഎസ് ബിരുദധാരിയും എംഡി നേടാനായുള്ള ശ്രമത്തിലാവും. ഈ ചിന്താഗതി മാറണം. വിദേശ സര്‍വ്വകലാശാലകള്‍ ഫെല്ലൊഷിപ്പുകളാണ് നല്‍കുന്നത്.ഭാരതത്തിലാവട്ടെ ആരോഗ്യ വിദ്യാഭ്യാസം വ്യവസായമാണ് . ഈ തുക സ്വാഭാവികമായും ഡോക്ടര്‍ക്ക് ഫീസായി രോഗികളില്‍ നിന്നും ഈടാക്കേണ്ടിയും വരുന്നു.
മെഡിക്കല്‍ കോളേജുകള്‍ പെരുകുന്നത് അപകടമാണ് എന്ന സൂചനയാണിത്. വര്‍ഷംതോറും നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. ‘ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍’ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. നാട്ടില്‍ അവസരം ലഭിക്കാതെ പലരും വിദേശത്തേയ്ക്ക് പോകുന്നു. താല്‍ക്കാലികമായി മെച്ചമുണ്ടെങ്കിലും സ്ഥായിയല്ലിത്. നഴ്സുമാരെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചത് ഉദാഹരണം. ചൈനക്കാരെ മാതൃകയാക്കാം. അവരുടെ ഡോക്ടര്‍മാരെ വിദേശത്ത് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല.
കേരളത്തിന്റെ ഉള്‍നാടുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്നതാണ് വൈരുദ്ധ്യം. വരുമാനവും സുഖസൗകര്യങ്ങളും ഉള്ളതിനാല്‍ നഗരത്തിലാണ് ഇവര്‍ കേന്ദ്രീകരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് രോഗിയുമായുള്ള ബന്ധം സൃഷ്ടിക്കപ്പെടണം. പണത്തിന്റെ അടിസ്ഥാനത്തിലാവരുത് ഇത്. എന്നാല്‍ ആവശ്യത്തിന് പണം ലഭിക്കുകയും വേണം. സര്‍ക്കാരാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത്.
എല്ലാ പഞ്ചാത്തിലും ഓരോ ആണ്-പെണ് ഡോക്ടര്‍മാരെ നിയമിക്കുക. ഇവര്‍ക്ക് വീട്, വാഹനം, കുട്ടികള്‍ക്ക് പഠന സൗകര്യം എന്നിവയെല്ലാം ഒരുക്കണം. അപ്പോള്‍ അവര്‍ തുടരും. രോഗിയുമായുള്ള ബന്ധം ദൃഢപ്പെടുത്താനും, സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കാനും ഇത്തരം മാര്‍ഗങ്ങള്‍ സഹായിക്കുമെന്നുറപ്പാണ്.
ആരോഗ്യരംഗത്തെ ആരും പണമുണ്ടാക്കാനുള്ള മാര്‍ഗമായി സമീപിക്കരുത്. ഈ ലക്ഷ്യത്തിനായി മറ്റ് അനേകം വഴികളുണ്ടല്ലോ. ദയവായി അവ സ്വീകരിക്കുക. ഇതാണ് മാധവന്‍കുട്ടിക്ക് ഡോക്ടര്‍മാരോടുള്ള ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: