മരട്: നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് യാത്രികന് ലോറി കയറിയിറങ്ങി മരിച്ചു. വൈറ്റില-അരൂര്‍ ബൈപ്പാസിലെ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു ദാരുണ സംഭവം. ബൈക്ക് ഓടിച്ചിരുന്ന വയലാര്‍ മണ്ണാറത്തറ പുതുവല്‍നികര്‍ത്തില്‍ ജോര്‍ജ്ജ് (44) ആണ് മരിച്ചത്.
റോഡില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കില്‍നിന്നും തെറിച്ചുവീണ ജോര്‍ജ്ജിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച രണ്ടു വിദ്യാര്‍ത്ഥികളുടെ ദേഹത്ത് ബൈക്ക് തട്ടാതിരിക്കാന്‍ വെട്ടിച്ചതാണ് നിയന്ത്രണം വിട്ട് മറിയാന്‍ കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ച ജോര്‍ജ്ജ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ടോറസ് ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഓടിയെത്തിയ ചുമട്ടുതൊഴിലാളികള്‍ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് എറണാകുളം സാമ്പത്തിക കുറ്റാനേ്വഷണ വിഭാഗത്തില്‍ എഎസ്ഐ ആയി ജോലിചെയ്യുകയായിരുന്നു ജോര്‍ജ്ജ്. വയലാറില്‍നിന്നും എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് ദുരന്തം സംഭവിച്ചത്. ചേര്‍ത്തലയില്‍ ലോഡ് ഇറക്കിയശേഷം കോലഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്നു ടോറസ് ലോറി. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വാഹനം ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ വയലാറിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: