പറവൂര്‍: അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പറവൂര്‍ മുസിരീസ് ടൂറിസം ഫെസ്റ്റിവല്‍ 22 ന് ആരംഭിക്കും. പറവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന കൂറ്റന്‍ സ്റ്റേജില്‍ വ്യത്യസ്തമായ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അക്വാഷോ, ഫ്ളെവര്ഷോ, പെറ്റ്ഷോ, ഭക്ഷ്യമേള, മുസിരീസ് ചിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കുമെന്ന് വി. ഡി. സതീശന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22 ന് വൈകിട്ട് 3.30 ന് ചേന്ദമംഗലം ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര സിനിമാതാരം ജയറാം ഫഌഗ് ഓഫ് ചെയ്യും.
23 ന് വൈകിട്ട് 7 ന് മുസിരീസ് ഫെസ്റ്റിവല്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 8 ന് കലാമണ്ഡലം വീണാ നമ്പ്യാരും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഡാന്‍സ് ഫ്യൂഷനും നടക്കും. 24 ന് രാവിലെ 9.30 ന് പവലിയന് കൃഷി മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. 10.30 ന് ഗ്യാലക്സി ഹോട്ടലില്‍ വച്ച് പൈതൃക ടൂറിസം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് 7.30 ന് പൊതുസമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.വി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു മുഖ്യാതിഥിയായിരിക്കും. 8 ന് സിനിമാതാരം കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ മണികിലുക്കം 2015 മെഗാ ഷോ അവതരിപ്പിക്കും.
25 ന് 7.30 ന് സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥിയായിരിക്കും. 8 ന് പ്രശസ്ത സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത പരിപാടി. 26 ന് 7.30 ന് സമാപന സമ്മേളനം മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ കെ.വി.തോമസ് എം.പി മുഖ്യാതിഥിയായിരിക്കും. 8 ന് മ്യൂസിക് ബാന്‍ഡ് തൈക്കൂടം ബ്രിഡ്ജിന്റെ നൊസ്റ്റാള്‍ജിയ വേദിയില്‍ അവതരിപ്പിക്കും.
എംഎല്‍എമാരായ എസ്. ശര്‍മ്മ, ബെന്നി ബെഹനാന്, ടി. എന്‍. പ്രതാപന്, ഹൈബി ഈഡന്, അന്‍വര്‍ സാദത്ത് എന്നിവരും സിനിമാതാരങ്ങളും വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് വി. ഡി. സതീശന് പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്ന കുമാര്‍, നഗരസഭ പ്രതിപക്ഷനേതാവ് കെ. എ. വിദ്യാനന്ദന്‍, ബീന ശശിധരന്, എം. ജെ. രാജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: