കൊച്ചി: പ്രവാസി മലയാളികളുടെ സാന്നിധ്യം പേരിന് പോലുമില്ലാതെ ആഗോള പ്രവാസി മലയാളി സംഗമം കൊച്ചിയില്‍ തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തോളം പ്രവാസി മലയാളികള്‍ മേളയ്ക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആയിരത്തി മുന്നോറോളം ഇരിപ്പിടങ്ങളുള്ള ലേ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടന ചടങ്ങില്‍ പോലും ആയിരത്തിലേറെ കസേരകള്‍ ഒഴിഞ്ഞു കിടന്നു.
അഞ്ഞൂറില്‍ താഴെ പ്രതിനിധികള്‍ മാത്രമാണ് ഉദ്ഘാടന സമയം സദസ്സിലുണ്ടായിരുന്നത്. ഇതില്‍ നൂറോളം പേര് മാധ്യമപ്രവര്‍ത്തകരായിരുന്നു. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനകളുടെ ഭാരവാഹികളും കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു മറ്റുള്ളവര്‍. ആഗോള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങിയതോടെ കസേരകള്‍ കാലിയായി. പിന്നീട് അന്‍പതോളം പ്രതിനിധികളെ സാക്ഷിയാക്കിയാണ് സമ്മേളനം നടന്നത്.
പ്രവാസി മലയാളികള്‍ക്ക് രജിസ്ട്രേഷനായി വിപുലമായ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും അവയെല്ലാം ഒഴിഞ്ഞുകിടന്നു. ഗള്‍ഫില്‍നിന്നുള്ള പ്രവാസികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും എന്നാണു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയത് എം.എ.യൂസഫ് അലിയെയും സി.കെ.മേനോനെയും പോലെയുള്ള വന്‍ വ്യവസായികള്‍ മാത്രവും. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സെഷന് ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതിനായി എത്തിയത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ മാത്രമായിരുന്നു.
സാധാരണക്കാരായ തൊഴിലാളികളില്‍ ഒരാള്‍ പോലും തങ്ങളുടെ പ്രശ്നങ്ങള്‍ പങ്ക് വയ്ക്കാന്‍ എത്തിയിരുന്നുമില്ല. നാട്ടില്‍ റേഷന്‍കട നടത്തുന്നവര്‍ പോലും ആഗോള പ്രവാസി സംഗമത്തിനായി എത്തിയിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പറയത്തക്ക ചര്‍ച്ചകളൊന്നും ആദ്യദിനം നടന്നില്ല.
ഉദ്ഘാടന ചടങ്ങില്‍ ഭൂനിയമത്തില്‍ ഇളവ് നല്‍കുമെന്ന പ്രഖ്യാപനം ഭൂമാഫിയക്ക് കരുത്ത് പകരുന്നതുമായി. നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും പേരില്‍ വന്‍കിട ഭൂമാഫിയകള്‍ക്ക് സഹായം ചെയ്യാനാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കമെന്ന് പ്രവാസി മലയാളികള്‍ തന്നെ കുറ്റപ്പെടുത്തുന്നു.
ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചാണ് പ്രവാസികള്‍ക്ക് ഒരു ഗുണവും ലഭിക്കാത്ത പ്രവാസി മലയാളി സംഗമം സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി പിആര്‍ഡിയെ ഒഴിവാക്കി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതും വന്‍തുക നല്‍കിയാണ്. ഗുജറാത്തില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ മടങ്ങി പോകുംവഴി കൊച്ചിയിലെ സമ്മേളനത്തില്‍ തലകാണിച്ച് മടങ്ങും എന്ന പ്രതീക്ഷയോടെയാണ് നോര്‍ക വകുപ്പും നോര്‍ക റൂട്ട്സും പരിപാടി മുന്നോരുക്കങ്ങളില്ലാതെ തല്ലിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: