ചേര്‍ത്തല: കെഎസ്ആര്‍ടിസി കണ്ടക്ടറെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദിച്ച സംഭവത്തില്‍ വാദിയെ പ്രതിയാക്കുവാനുള്ള നീക്കത്തിനെതിരെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി സംയുക്ത തൊഴിലാളി യൂണിയന് നേതാക്കളായ പി.എസ്. അഭിലാഷ്, എം.ഡി. അനില്‍കുമാര്‍, ജി. ബാലമുരളി, കെ. ഗിരീഷ്, എം.കെ. രജീഷ് എന്നിവര്‍ പറഞ്ഞു.
ആലപ്പുഴ-വയലാര്‍ എട്ടുപുരയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ ചേര്‍ത്തല ഡിപ്പോയിലെ ജി. ഉണ്ണിക്കൃഷ്ണന് നായര്‍ക്ക് കഴിഞ്ഞ 29നാണ് മര്‍ദ്ദനമേറ്റത്. ബസിലെ യാത്രക്കാരന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പരാതിയുമായി മാരാരിക്കുളം പോലീസ് സ്റ്റേഷനിലെത്തിയ ഉണ്ണിക്കൃഷ്ണനെ ഡ്യൂട്ടിയിലില്ലാതിരുന്ന പോലീസുദ്യോഗസ്ഥന് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ചേര്‍ത്തല ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. അന്ന് ആരോപണവിധേയനായ പോലീസുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന ഉന്നത പോലീസുദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനാലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്. എന്നാല്‍ അന്നത്തെ ചര്‍ച്ചയില്‍ നല്കിയ ഉറപ്പുകള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
കണ്ടക്ടറുടെ പേരില്‍ ചാര്‍ജ് ചെയ്തിട്ടുള്ള കേസ് പിന്‍വലിക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യാത്തപക്ഷം നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: