കണ്ണൂര്‍: കഴിഞ്ഞ ചൊവ്വാഴ്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആറളത്തെ ആദിവാസികളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ആരംഭിച്ച തുടിക്കൊട്ടി സമരവും അവസാനിപ്പിക്കാന്‍ നീക്കം തുടങ്ങി.
സംസ്ഥാന സര്‍ക്കാരിനെതിര ഏതാനും മാസങ്ങള്‍ക്കുളളില്‍ സിപിഎം നേതൃത്വം ഏറ്റെടുത്ത് നടത്തിയ നിരവധി സമരങ്ങള്‍ ലക്ഷ്യം കാണാതെ സ്വയം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആറളത്തെ ആദിവാസികളുടെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആരംഭിച്ച സമരവും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമാണ് ഇന്നലെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയതും മുഖ്യമന്ത്രിയുമായി രഹസ്യമായ കൂടിക്കാഴ്ച നടത്തിയതെന്നുമാണ് സൂചന.
കലക്ട്രേറ്റിന് മുമ്പില്‍ ആരംഭിച്ച രാപ്പകല്‍ തുടിക്കൊട്ട സമരത്തിന് മൂന്നു ദിവസം പിന്നിട്ടിട്ടും വേണ്ടത്ര പിന്തുണ ലഭിക്കാത്തതും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതുമാണ് മുഖ്യമന്ത്രിയെ അങ്ങോട്ട് ചെന്നു കാണാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല സമരം നടത്താന്‍ ആദിവാസി ഊരുകളില്‍ നിന്നും വേണ്ടത്ര പ്രവര്‍ത്തകരെ ലഭിക്കാത്തതും പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടാതെ രാപ്പകല്‍ സമരം ആയതു കൊണ്ടു തന്നെ സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളുള്‍പ്പെടെയുളളവരുടെ പ്രാഥമിക ദിനകൃത്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഭക്ഷണം,സുരക്ഷ എന്നിവ ഉള്‍പ്പെടെ പാര്‍ട്ടിക്ക് വന്‍ ബാധ്യതയായിമാറിയിരിക്കുകയാണ്.
അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് എന്തു വിട്ടുവീഴ്ച ചെയ്തും സമരം അവസാനിപ്പിക്കാന്‍ നേതൃത്വം രഹസ്യമായി തത്ത്വത്തില്‍ തീരുമാനിച്ചതായറിയുന്നു. സിഐടിയു-സിപിഎം സംഘത്തിന്റെ അക്രമത്തിനിരയായി വീടുപേക്ഷിക്കേണ്ടിവന്ന പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയുടെ സമര പന്തലിനു തൊട്ടടുത്തായാണ് സിപിഎം ദളിതരുടെ പേരുപറഞ്ഞ് കലക്ട്രേറ്റ് പടിക്കല്‍ സമരം നടത്തുന്നത്. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ആറളം ഫാമിലെ ആദിവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നതാണ് സമരത്തിലെ പ്രധാന മുദ്രാവാക്യം. എന്നാല്‍ കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ കെടുകാര്യസ്ഥതയാണ് ആദിവാസികളുടെ ഇന്നത്തെ ദയനീയാവസ്ഥക്ക് കാരണം.
ഭരണത്തിലിരിക്കുമ്പോള്‍ ആദിവാസികള്‍ക്ക് വേണ്ടി ഒന്നം ചെയ്യാതെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരവുമായി രംഗത്തിറങ്ങുന്നത് സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്. ഒരുഭാഗത്ത് ദളിത് സ്ത്രീക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും മറുഭാഗത്ത് ആദിവാസികള്‍ക്ക് വേണ്ടി സമരം ചെയ്യുകയെന്ന വിരോധാഭാസമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ചിത്രലേഖയുടെ സമരം 80 ദിവസം പിന്നിടുകയാണ്. എന്തിനു വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്നുപോലും അറിയാതെയാണ് പലരും കണ്ണൂരില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ജനപങ്കാളിത്തമില്ലാതെ അവസാനിപ്പിക്കേണ്ടി വരികയാണ്.
സമരങ്ങളോട് അണികള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആദിവാസി സമരത്തെ വേണ്ടരീതിയില്‍ മാധ്യമങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രിയില്‍ നിന്നും ചെറിയൊരു ഉറപ്പു ലഭിക്കുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇന്നലെ മുഖ്യമന്ത്രിയെ കണ്ട സിപിഎം നേതാക്കളും എംഎല്‍എമാരും അറിയിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: