കൊച്ചി: പിണറായിയുടെ നിര്‍ദ്ദേശം വി.എസ് വിഭാഗം തളളി. എറണാകുളത്ത് പി.രാജീവ് സിപിഎം ജില്ലാ സെക്രട്ടറി. ഇരുപക്ഷവും സെക്രട്ടറി സ്ഥാനത്തിനായി കടുംപിടുത്തവുമായി രംഗത്തുവന്നതോടെയാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി രാജീവിന് നറുക്കുവീണത്. സംസ്ഥാന സമിതിയംഗം സി.എന്‍.മോഹനന്റെ പേരാണ് പിണറായി വിജയനും ഔദ്യോഗിക നേതൃത്വവും നിര്‍ദ്ദേശിച്ചത്. എന്നാല്‍ വി.എസ് വിഭാഗം ഇതംഗീകരിക്കാന്‍ തയ്യാറായില്ല.
നിലവിലെ സെക്രട്ടറി ദിനേശ്മണിക്കെതിരെ ഔദ്യോഗികപക്ഷത്തുനിന്നുതന്നെ എതിര്‍പ്പുണ്ടായിരുന്നു. ദിനേശ്മണി തുടരട്ടെ എന്ന നിലപാടും ആദ്യം തന്നെ ദുര്‍ബലമായി. മോഹനന്റെ പേര് നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കുമെന്ന് വി.എസ് വിഭാഗം വ്യക്തമാക്കുകയും ചെയ്തു.
കെ.ചന്ദ്രന്‍പിള്ളയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു വി.എസ് വിഭാഗത്തിന്റെ പദ്ധതി. എതിര്‍പ്പ് രൂക്ഷമായതോടെ വോട്ടെടുപ്പ് ഒഴിവാക്കാന്‍ സി.എന്‍ മോഹനന്റെ പേര് നേതൃത്വത്തിന് പിന്‍വലിക്കേണ്ടി വന്നു. ചന്ദ്രന് പിള്ളയുടെ പേര് വി.എസ് വിഭാഗത്തിലെ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പിണറായി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മത്സരം ഒഴിവാക്കാന്‍ പി.രാജീവിന്റെ പേര് പരിഗണിച്ചത്. ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരുപക്ഷവും ഇതിനോട് യോജിക്കുകയായിരുന്നു.
ആദ്യം വിഎസ് പക്ഷക്കാരനായിരുന്ന രാജീവ് പിന്നീട് ഔദ്യോഗികപക്ഷത്തേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് രാജ്യസഭാംഗമാവുകയും ചെയ്തു.എന്നാല്‍ അടുത്ത കാലത്ത് പിണറായിയുമായി അത്ര അടുപ്പത്തിലല്ല പി.രാജീവ്. കൊല്ലത്തെ പിണറായിയുടെ പരനാറി പ്രയോഗത്തെ പരസ്യമായി വിമര്‍ശിച്ച് രാജീവ് രംഗത്തുവന്നത് പിണറായിയെ ചൊടിപ്പിച്ചിരുന്നു. നേതാക്കള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്നായിരുന്നു രാജീവിന്റെ വിമര്‍ശനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് രാജീവിന്റെ പേരാണ് ജില്ലാനേതൃത്വം ശുപാര്‍ശ ചെയ്തത്. എന്നാല്‍ അതുവെട്ടി പിണറായി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.
പിണറായിയുടെ വിശ്വസ്തന് എന്ന പ്രതിഛായയില്‍ നിന്ന് പുറത്തുകടന്നതാണ് രാജീവിന്റെ പേര് വി.എസ് വിഭാഗത്തിന് സ്വീകാര്യമാകാന്‍ ഇടയാക്കിയത്. ആദ്യം പാര്‍ട്ടി പരിഗണിച്ച സി.എന്‍ മോഹനനാകട്ടെ എന്നും പിണറായി പക്ഷത്തോടൊപ്പം നിന്നിട്ടുളളയാളാണ്. മോഹനനെ ജില്ലാ സെക്രട്ടറിയാക്കാന്‍ കഴിയാതെ പോയത് പിണറായിയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
ജില്ലാക്കമ്മിറ്റിയിലേക്കും ഇരുപക്ഷവും വാശിയേറിയ പോരാട്ടത്തിനാണ് തയ്യാറെടുത്തിരുന്നത്. വോട്ടെടുപ്പ് ഉണ്ടായാല്‍ വെട്ടി നിരത്തേണ്ടവരുടെ ലിസ്റ്റും ഇരുപക്ഷവും രഹസ്യമായി തയ്യാറാക്കിയിരുന്നു. ഒടുവില്‍ മത്സരം ഒഴിവാക്കാന്‍ നിലവിലെ കമ്മിറ്റിയില്‍നിന്ന് ആരെയും ഒഴിവാക്കേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇരുപക്ഷവും അയഞ്ഞത്. പ്രായാധിക്യത്തിന്റെ പേരില്‍ സരോജിനി ബാലാനന്ദനെ മാത്രമാണ് നിലവിലെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയത്. പുതുതായി ഇരുപക്ഷത്തുമുള്ള ഒന്‍പത് പേരെ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഒളികാമറ വിവാദത്തില്‍പ്പെട്ട മുന്‍ ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ജില്ലാക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു.കോട്ടമുറിക്കലിനെ ഉള്‍പ്പെടുത്തിയാല്‍ കാമറ സ്ഥാപിച്ചതിന്റെ പേരില്‍ ജില്ലാക്കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയ കെ.എ ചാക്കോച്ചനെയും തിരിച്ചെടുക്കണമെന്ന് വി.എസ് വിഭാഗം ആവശ്യപ്പെട്ടു.ഇതംഗീകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് വി.എസ് പക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള എറണാകുളത്ത് സമ്മേളനത്തോടെ അവരുടെ ചിറകരിയുമെന്നാണ് പിണറായി വിഭാഗം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തിലെ ചേരിതിരിവ് മറനീക്കി പുറത്തുവന്നു. സംസ്ഥാന സെക്രട്ടറി പദമൊഴിയാന്‍ തയ്യാറെടുക്കുന്ന പിണറായി വിജയന്റെ പിടി പാര്‍ട്ടിയില്‍ അയഞ്ഞു തുടങ്ങി എന്നതിന്റെ സൂചനകൂടിയായി എറണാകുളം സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: