കോട്ടയം: വനവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്നും അന്താരാഷ്ട്ര വനവല്‍ക്കരണ പദ്ധതി ഉപേക്ഷിക്കണമെന്നും ഗോത്രവര്‍ഗ്ഗ ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വനവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുക, ഭൂരഹിതവനവാസികള്ക്ക് കൃഷിഭൂമി വിതരണം ചെയ്യുക, അന്യാധീനപ്പെട്ട വനഭൂമി തിരിച്ചു നല്‍കുക, അന്താരാഷ്ട്ര വനവല്‍ക്കരണ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സമിതിയുടെ നേതൃത്വത്തില്‍ 21ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. മാര്‍ച്ചും ധര്‍ണ്ണയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് ഉദ്ഘാടനം ചെയ്യും.
അതിനു മുന്നോടിയായി എല്ലാ ജില്ലകളിലും ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് വാഹനപ്രചരണ ജാഥ നടത്തും.
കോട്ടയം ജില്ലാ ജാഥ 16ന് കാളകെട്ടിയില്‍ ആരംഭിച്ച് പുഞ്ചവയലിലും 17ന് മുരിക്കുംവയലില്‍ ആരംഭിച്ച മുണ്ടക്കയത്തും സമാപിക്കും. വനവാസികളുടെ ഭൂമി വാങ്ങിയവര്‍ക്കും കയ്യേറ്റക്കാര്‍ക്കും മൂല്യമുള്ള പട്ടയം നല്കുമ്പോള് കടലാസിന്റെ വില പോലുമില്ലാത്ത വനാവകാശ രേഖയാണ് വനവാസികള്‍ക്ക് നല്‍കുന്നത്.
ഇതുമൂലം ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ-കാര്‍ഷിക വായ്പകള്‍ നേടുന്നതിന് കഴിയുന്നില്ല. സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വനവാസികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
പട്ടയമില്ലാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ, ചികിത്സ, വിവാഹം മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് വനവാസികള്‍ക്ക് തന്റെ കിടപ്പാടം തുഛമായ വിലയ്ക്ക് വില്‍ക്കേണ്ട സാഹചര്യമാണുള്ളത്. മതിയായ രേഖകളില്ലാത്തതാണ് വനവാസി ഭൂമി അന്യാധീനപ്പെടാനും കയ്യേറ്റം വ്യാപകമാകുവാനും കാരണം.
കുടിയേറ്റക്കാരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുകയും അതേ പ്രദേശത്ത് താമസിക്കുന്ന വനവാസികളായ കര്‍ഷകര്‍ക്ക് പട്ടയം നിഷേധിക്കുകയും ചെയ്യുന്നത് കടുത്ത വിവേചനമാണ്. ഗോത്രവര്‍ഗ്ഗ ഭൂസംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.
നാഷണല്‍ ട്രൈബ്സ് ഫ്രണ്ട്, അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ, കേരള പട്ടികവര്‍ഗ്ഗ ഊരാളി സമുദായ സംഘടന, മലയരയ സംരക്ഷണ സമിതി, മലയരയ ക്രിസ്ത്യന്‍ ഫെഡറേഷന്, മലവര്ഗ്ഗമഹാജനസംഘം, കേരള മന്നാന്‍ സമുദായസംഘം, മുതുവാന്‍ സമുദായ സംഘം, പളിയ സമുദായ സംഘടന, മുള്ളുക്കുറുമ സമുദായ സംഘടന, തായിക്കുളം, ആദിവാസി സംരക്ഷണ സംഘം തുടങ്ങി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഗോത്രവര്‍ഗ്ഗ ഭൂസംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ. ഗംഗാധരന്, നാഷണല്‍ ട്രൈബ്സ് ഫ്രണ്ട് ജന. സെക്രട്ടറി പി.കെ. ശശി, എറ്റിഎംഎഎംഎസ് വൈസ് പ്രസിഡന്റ് പി.എസ്. മോഹന്‍ദാസ്, എറ്റിഎംഎഎംഎസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.കെ. സദാനന്ദന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: