ന്യുദല്‍ഹി: സുനന്ദ പുഷ്ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ നീക്കങ്ങള്‍ ദല്‍ഹി പോലീസ് പരിശോധിക്കും. സുനന്ദ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ദിവസം തരൂരിന്റെ നീക്കങ്ങളാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
കൂടാതെ സുനന്ദയുടെ മരണത്തിന് മുമ്പുള്ള തരൂരിന്റെ ഫോണ്‍ സംഭാഷണങ്ങളും കൂടിക്കാഴ്ചകളും തരൂര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും പോലീസ് അന്വേഷിക്കും. സുനന്ദയുടെ സ്യൂട്ടില്‍ സന്ദര്‍ശനത്തിന് എത്തിയവരെയും കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഹോട്ടലില്‍ വ്യാജ വിലാസത്തില്‍ എത്തിയവരെയും സുനന്ദ താമസിച്ച അതേ നിലയില്‍ താമസിച്ചിരുന്നവരെയും പോലീസും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ചോദ്യംചെയ്യല്‍ എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലുള്ള തരൂര്‍ ദല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
തരൂരിന്റെ പഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെയും സുനന്ദ മരണപ്പെട്ട ലീല ഹോട്ടലിന്റെ മാനേജരെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സുനന്ദ കൊല്ലപ്പെട്ടത് വിഷം കുത്തിവച്ചാണെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍. സുനന്ദയുടെയോ തരൂരിന്റെയോ അടുത്ത സുഹൃത്തുക്കളായിരിക്കാം ഈ കൃത്യം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
തരൂരിന്റെ പ്രസ്താവനയും അദ്ദേഹവുമായി ബന്ധമുള്ളവരുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യവും പോലീസ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ജീവിതത്തില്‍ സുനന്ദ സന്തുഷ്ടയായിരുന്നില്ലെന്നും പോലീസ് സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: