പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഭീകരാക്രമണത്തിനിരയായ ഷാര്‍ലി ഹെബ്ദോ വാരിക പുറത്തിറങ്ങി. നബിയുടെ മുഖചിത്രവുമായി പുറത്തിറങ്ങിയ ഷാര്‍ളി എബ്ദോ കാര്‍ട്ടൂണ്‍ ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്.
60000കോപ്പികള്‍ മാത്രം പുറത്തിറക്കിയിരുന്ന ഷാര്‍ലി എബ്ദോ 50 ലക്ഷം കോപ്പികളാണ് ഇന്നലെ അച്ചടിച്ചത്. 30 ലക്ഷം കോപ്പികളാണ് ആദ്യം അച്ചടിച്ചതെങ്കിലും കോപ്പികള്‍ക്ക് വന്‍ തോതില്‍ ആവശ്യക്കാര്‍ എത്തിയതോടെ പിന്നീട് 20 ലക്ഷം കൂടി അടിച്ചു. ‘എല്ലാം ക്ഷമിച്ചു എന്ന തലക്കെട്ടിനു താഴെ ‘ഞാന്‍ ഷാര്‍ലി എന്ന പ്ളക്കാര്‍ഡുമായി പ്രവാചകന് മുഹമ്മദ് നബി നില്ക്കുന്ന കാര്‍ട്ടൂണാണ് ‘ഷാര്‍ലി എബ്ദോ പുതിയ ലക്കത്തിന്റെ മുഖപ്പേജില്‍.
ഭീകരാക്രമണത്തില്‍ എഡിറ്റര്‍ അടക്കം 12 പേരെ ഭീകരര്‍ കൊലപ്പെടുത്തിയിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ അതിജീവിച്ചവരുടെ ലക്കം എന്ന പേരില്‍ ഇന്നലെയാണ് ഷാര്‍ലി എബ്ദോയുടെ പുതിയ ലക്കം പുറത്തിറക്കിയത്. ഭീകരതയുടെ മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിക്കാനാണ് പുതിയ ലക്കം നബിയുടെ മുഖചിത്രത്തോടെ ഇറക്കിയത്.
മുഹമ്മദ് നബിയുടെ മുഖചിത്രമൊഴിച്ചാല് ഉള്‍പ്പേജുകളില്‍ നബിയുടെ വേറെ കാര്ട്ടൂണുകള് ഇല്ല. എന്നാല്‍, ഇസ്ലാമിക ഭീകരരുടെ കാര്ട്ടൂണുകള് ഉള്‍പ്പേജില്‍ ഏറെ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. പുതിയലക്കം പുറത്തുവിടുന്നത് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഭീകരരുടെ ഉടമസ്ഥതയിലുള്ള വെബ് സൈറ്റുകളില്‍നിന്ന് ഷാര്‍ളി ഹെബ്ദോയ്ക്ക് പുതിയ ഭീഷണിയും ഉണ്ടായിട്ടുണ്ട്. വന്‍ വിഡ്ഢിത്തമെന്നാണ് ഭീകരുടെ റേഡിയോ ഷാര്‍ളി ഹെബ്ദോയുടെ പുതിയപതിപ്പിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: