തൃശൂര്‍: പ്രതിരോധവും ചെറുത്തു നില്‍പ്പും രാഷ്ട്രീയമാണ്. അരങ്ങ് ആയുധവും. അഭിനയത്തിന്റെയും ആസ്വാദനത്തിന്റെയും അര്‍ത്ഥതലങ്ങള്‍ക്ക് അവസാനമില്ലെന്ന് പ്രഖ്യാപിച്ച് അന്താരാഷ്ട്ര നാടകോത്സവം ആറാം ദിവസത്തിലേക്ക്. പലതരത്തില്‍ വിഭജിക്കപ്പെട്ടുകിടക്കുന്ന മനുഷ്യനില്‍ നിന്നും യഥാര്‍ത്ഥ മനുഷ്യനെ തേടിയുള്ള ആത്മാന്വേഷണമാണ് ഓരോ നാടകങ്ങളും. അസ്വസ്ഥത പുകയുന്ന പശ്ചിമേഷ്യന്‍ നാടുകളുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം അരങ്ങിലൂടെ പ്രേക്ഷകനിലേക്ക് സംവദിക്കപ്പെടുന്നു. ജാതി, മത, രാഷ്ട്രീയ മേല്‍ക്കോയ്മക്കെതിരെയുള്ള ചെറുത്തുനില്‍പ്പായി അരങ്ങിനെ മാറ്റിയെടുക്കുന്നു.
ആസ്വാദനത്തിന്റെയും അവതരണത്തിന്റെയും അതിരുകളും നാടകോത്സവം മായ്ച്ച് കളഞ്ഞിരിക്കുന്നു. പരമ്പരാഗത അവതരണ രീതികളെ നിഷേധിക്കുകയാണ് പലതും. ബിംബങ്ങളും ചലനങ്ങളും സംവദിക്കുന്ന ആശയങ്ങള്‍ ഏറെ. അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വിലയിരുത്താനുള്ള സാഹചര്യവുമുണ്ട്. അവതരണ രീതികള്‍ മാറേണ്ടതുണ്ടെന്ന തിരിച്ചറിവാണ് നാടകോത്സവം മുന്നോട്ട് വയ്ക്കുന്നത്.
ഗൃഹാതുരത്വമുണര്‍ത്തുന്ന റേഡിയോ നാടകങ്ങളും നാടകോത്സവത്തെ സമ്പുഷ്ടമാക്കുന്നു. മലയാള നാടകങ്ങളും ആസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്. സര്‍ഗ്ഗാത്മക വേദികളില്‍ എതിരഭിപ്രായങ്ങള്ക്കും ഇടമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു നാടക ചര്‍ച്ചകള്‍. അന്താരാഷ്ട്ര നാടകോത്സവം ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ സ്വയം വിലയിരുത്തലിനുള്ള അവസരം കൂടിയായി ഇത് മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: