മലപ്പുറം: 69-ാംമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. വൈകിട്ട് 6.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങള്‍ക്കാണ് മലപ്പുറം ആതിഥേയത്വം വഹിക്കുന്നത്. ആദ്യ മത്സരം കേരളവും ആന്ധ്രാപ്രദേശും തമ്മിലാണ്.
കാല്‍പ്പന്തുകളിയുടെ സ്വന്തം മണ്ണായ മലപ്പുറം സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇരുപത് അംഗങ്ങളുള്ള കേരളാ ടീമില്‍ അഞ്ചുപേരും നാട്ടുകാരാണെന്നത് മലപ്പുറത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു. പതിമൂന്ന് പുതുമുഖ താരങ്ങളാണ് കേരളത്തിന് വേണ്ടി ഈ വര്‍ഷം കളത്തിലിറങ്ങുന്നത്. നായകന്‍ കെഎസ്ഇബി താരം വി.വി. സുര്‍ജിത്താണ്. കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും നിരവധി പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള മണ്ണിലാണ് ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയുടെ ആദ്യ വിസില്‍ മുഴങ്ങുക. കേരള ടീമിന് മറ്റെവിടെ നിന്നും ലഭിക്കുന്നതിനേക്കാള്‍ പ്രോത്സാഹനം മലപ്പുറത്ത് നിന്ന് ലഭിക്കുമെന്ന് മുതിര്‍ന്ന താരങ്ങള്‍ പറയുന്നു.
യോഗ്യതാ മത്സരങ്ങള്‍ക്കൊപ്പം ഫൈനല്‍ മത്സരങ്ങളും മലപ്പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്വന്തം നാട്ടുകാരുടെ മുമ്പില്‍ കളിക്കുമ്പോള്‍ പ്രത്യേക ഊര്‍ജ്ജമാണ് ലഭിക്കുകയെന്നും, കേരള ടീമിനെ ആറാമതും സന്തോഷ് ട്രോഫിയില്‍ മുത്തമിടീക്കുമെന്നും ടീമംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു. 17ന് ആന്ധ്രപ്രദേശ്- കര്‍ണാടക, 19ന് കര്‍ണാടക- കേരളം മത്സരങ്ങള്‍ ഗ്രൂപ്പ് ബിയില്‍ സര്‍വീസസ്, തമിഴ്‌നാട്, പോണ്ടിച്ചേരി ടീമുകളാണുള്ളത്. 16ന് സര്‍വീസസ്- പോണ്ടിച്ചേരി, 18ന് പോണ്ടിച്ചേരി- തമിഴ്‌നാട്, 20ന് തമിഴ്‌നാട്- സര്‍വീസസ് എന്നീ ക്രമത്തിലാണ് യോഗ്യതാ മത്സരങ്ങള്‍ നടക്കും.
കഴിഞ്ഞ വര്‍ഷം സിലിഗുരിയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
കേരളാ ടീം: ഉസ്മാന്‍ ആഷിഖ്, ജോണ്‍സണ്‍, സജിത്, ഷെറിന്‍ സാം, സുഖൈര്‍, രാഹുല്‍ ഡി രാജ്, നസ്‌റുദ്ദീന്‍, ജോബിന്‍ ജസ്റ്റിന്‍, ശ്രീരാഗ്, ഷൈജുമോന്‍, ജിന്‍ഷാദ്, ഷിബിന്‍ലാല്‍, സന്ദേശ് എം, ജിജോ ജോസഫ്, അഷ്‌കര്‍. (ഗോള്‍കീപ്പര്‍മാര്‍): നിഷാദ്, മിഥുന്‍, നിഖില്‍, സോമന്‍. (കോച്ച്): പി.കെ.രാജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: