പാരീസ്: ആവിഷ്‌കാര, മാധ്യമ സ്വാതന്ത്ര്യങ്ങളുടെ തൂലികയ്‌ക്കുമുന്നില്‍ ഭീകരതയുടെ നിറതോക്കുകള്‍ നിഷ്പ്രഭമാണെന്ന് അടിവരയിട്ട് ഫ്രഞ്ച് ആക്ഷേപഹാസ്യവാരിക ചാര്‍ലെ ഹെബ്‌ദോയുടെ പുതിയ ലക്കം. തലക്കെട്ട് അണിഞ്ഞ് കണ്ണീര്‍പൊഴിക്കുന്ന മുഹമ്മദ് നബിയെയാണ് ഏറ്റവും പുതിയ പതിപ്പില്‍ വാരിക മുഖചിത്രമാക്കിയിരിക്കുന്നത്.
നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജനുവരി ഏഴിന് ചാര്‍ലെ ഹെബ്‌ദോയുടെ ഓഫീസ് ആക്രമിച്ച രണ്ടു ഭീകരര്‍ ചീഫ് എഡിറ്റര്‍ അടക്കമുള്ളവരെ വധിച്ചിരുന്നു. സംഭവം കഴിഞ്ഞ് ഒരാഴ്ചമാത്രം പിന്നിടുമ്പോള്‍ പതിവുപോലെ വാരിക പുറത്തിറക്കാനും ഭീകരതയ്‌ക്ക് ചുട്ടമറുപടി നല്‍കാനും പ്രസാധകര്‍ക്കു സാധിച്ചു.
‘ഞാന്‍ ചാര്‍ലെ’ (ജെ സൂയിസ് ഷാര്‍ലെ) എന്നു സൂചിപ്പിക്കുന്ന കുറിപ്പ് കൈയിലേന്തി നബി വിതുമ്പുന്ന ചിത്രമുള്ള കവറില്‍ ഓള്‍ ഈസ് ഫൊര്‍ഗിവണ്‍ (എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു) എന്നവാക്യമാണ് ചാര്‍ലെ ഹെബ്‌ദോ തലക്കെട്ടാക്കിയിരിക്കുന്നത്. ലുസ് എന്നയാളാണ് കാര്‍ട്ടൂണ്‍ വരച്ചത്. ഓഫീസിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭീകരാക്രമണത്തില്‍നിന്ന് ലുസ് രക്ഷപ്പെട്ടിരുന്നു.
എന്റെ സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഭീകരരോട് ക്ഷമിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് മുഖചിത്രം, മാഗസിനിലെ കോളമിസ്റ്റ് സിനെബ് റൗസോയി പറഞ്ഞു. ഷെരീഫ്, സയിദ് കൗച്ചി സഹോദരന്‍മാരോട് വെറുപ്പില്ല. വ്യക്തികളോടല്ല ആശയത്തിനോടാണ് സമരം. മുസ്ലിങ്ങള്‍ തമാശ ആസ്വദിക്കാനും അംഗീകരിക്കാനും തയാറാകണമെന്നും അവര്‍ നിര്‍ദേശിച്ചു. എട്ട് എഡിഷനുകളുള്ള ചാര്‍ലെ ഹെബ്‌ദോയുടെ പുതിയ ലക്കം തിങ്കളാഴ്ച അച്ചടിയാരംഭിച്ചുകഴിഞ്ഞു. സാധാരണയായി 60000 കോപ്പികളാണ് പുറത്തിറക്കാറ്. ഇക്കുറി മുപ്പതു ലക്ഷമെങ്കിലും വേണ്ടിവരുമെന്നു പ്രസാധകര്‍ കണക്കുകൂട്ടുന്നു.
















