ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായുള്ള സുനന്ദ പുഷ്കറിന്റെ വിവാഹത്തെ സുനന്ദയുടെ അമ്മ എതിര്‍ത്തിരുന്നതായി വെളിപ്പെടുത്തല്‍. സുനന്ദയുടെ വല്യമ്മയുടെ മകന് അശോക് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുവിലെ ഗോല്‍ ബസാറില്‍ പലച്ചരക്കുകട നടത്തുന്ന അശോക് ഒരു പ്രമുഖ മാധ്യമത്തോട് മനസുതുറക്കുകയായിരുന്നു.
തരൂരുമായുള്ള സുനന്ദയുടെ വിവാഹത്തിന് അമ്മയുടെ അനുഗ്രഹമില്ലായിരുന്നു. ആ ബന്ധത്തെ സുനന്ദയുടെ അമ്മ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. തരൂര്‍-സുനന്ദ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണെന്നും പിന്നീടറിഞ്ഞു. ആകുലതകളോടെയാണ് സുനന്ദയുടെ അമ്മ മരിച്ചത്, അശോക് പറഞ്ഞു.
ചിലര്‍ക്ക് ദോഷംവരുന്ന ചിലകാര്യങ്ങള്‍ സുനന്ദയ്ക്ക് അറിയാമായിരുന്നു. അത് അവളുടെ മരണത്തിലേക്കു നയിച്ചു. ആ സംഭവത്തിനു പിന്നില്‍ വലിയ കളിയുണ്ടെന്ന് കുടുംബാംഗങ്ങളെല്ലാം വിശ്വസിക്കുന്നു.
സുനന്ദ നല്ല ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു. കുട്ടിക്കാലത്തു ആണ്പിള്ളേര് പോലും ഭയക്കുന്ന പലകാര്യങ്ങളും ചെയ്യാന്‍ സുനന്ദയ്ക്ക് ഒരു പേടിയുമില്ലായിരുന്നു. ഉയരമുള്ള ഇടങ്ങളില്‍ നിന്ന് ചാടുക. വലിയ ചുമരുകളിലൊക്കെ വലിഞ്ഞു കയറുക… സഹോദരന്റെ കല്യാണത്തിനുശേഷം സുനന്ദയുമായി അകന്നു. അവള് സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിച്ചു. ഇടയ്ക്കിടെ സുനന്ദയെപ്പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കും. തരൂരുമായുള്ള വിവാഹത്തെക്കുറിച്ചും അങ്ങനെയാണ് അറിഞ്ഞത്.
ഭയന്നിട്ടാണ് ബന്ധുക്കളാരും ഒന്നും മിണ്ടാത്തതെന്നും സുനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹതകളുടെ മറ ഉടന്‍ നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും അശോക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: