ആലപ്പുഴ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ തനിയാവര്‍ത്തനമായി റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റവന്യു സര്‍വേ അദാലത്ത്. രോഗക്കിടക്കയില്‍ കിടന്നവരെയും അപകടത്തില്‍ സാരമായി പരിക്കേറ്റവരെയും മന്ത്രിയുടെ മുന്നില്‍ കെട്ടിയെഴുന്നള്ളിച്ച് ധനസഹായം നല്കി കൊട്ടിഘോഷിക്കല്‍ മാത്രമായി അദാലത്ത് തരംതാഴ്ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായവും പ്രകൃതിക്ഷോഭക്കെടുതയില്പ്പെട്ടവര്ക്കുള്ള ധനസഹായവും മാസങ്ങളോളം നല്‍കാതെ തടഞ്ഞുവച്ച ശേഷം മന്ത്രിയെക്കൊണ്ട് നല്കിക്കുക എന്ന ചടങ്ങു മാത്രമായിരുന്നു തിങ്കളാഴ്ച നടന്നത്.
വില്ലേജ് ഓഫീസര്‍ക്കോ തഹസില്‍ദാര്‍ക്കോ ഏതാനും ദിവസങ്ങള്‍ക്കകം നല്കാവുന്ന സഹായങ്ങളാണ് മാസങ്ങളോളം തടഞ്ഞുവച്ച് മന്ത്രിയെ കൊണ്ട് നല്‍കിച്ചത്. സര്‍ക്കാര്‍ സഹായങ്ങള്‍ മന്ത്രിയുടെ ഔദാര്യമാണെന്ന് കൊട്ടിഘോഷിക്കാനും മടിച്ചില്ല. അപകടങ്ങളില്‍ ഉറ്റവര്‍ മരിച്ചതിന്റെ ആഘാതത്തില്‍ നിന്നു മോചിതരാകാത്തവരെയും അപകടങ്ങളില്‍ സാരമായി പരിക്കേറ്റവരെയും അദാലത്തില്‍ എത്തിച്ചാണ് സഹായം നല്‍കിയത്. തളര്‍ന്ന കുട്ടികളെ അമ്മമാര്‍ താങ്ങിക്കൊണ്ടുവന്നാണ് മന്ത്രിയില്‍ നിന്ന് ഔദാര്യം കൈപ്പറ്റിയത്. ജനപങ്കാളിത്തവും വളരെ കുറവായിരുന്നു. രണ്ടായിരത്തിലേറെ പേര് മാത്രമാണ് അദാലത്തില്‍ എത്തിയത്. അതും ധനസഹായം ലഭിക്കാനുള്ളവര്‍ മാത്രമാണ് ബഹുഭൂരിപക്ഷവും.
കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്കെതിരെ സമ്മേളനത്തില്‍ ആഞ്ഞടിക്കുകയും ചെയ്തു. അരനൂറ്റാണ്ടും പതിറ്റാണ്ടുകളും സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നത് ജനദ്രോഹമല്ലാതെ എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇത്രയും വര്‍ഷങ്ങള്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ യാതൊരു ചെലവുമില്ലാതെ നടപ്പാക്കേണ്ട സേവനങ്ങളും ധനസഹായ പദ്ധതികളുമാണ് കൊട്ടിഘോഷിച്ച് വന്‍ തുക ചെലവഴിച്ച് നടത്തിയ അദാലത്തില്‍ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: