തുറവൂര്‍: കുത്തിയതോട് തഴുപ്പില്‍ റിട്ട. അദ്ധ്യാപികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികുടാന്‍ സാധിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. 2012 നവംബര്‍ 11നായിരുന്നു സംഭവം നടന്നത്. കുത്തിയതോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തഴുപ്പ് പത്മാലായത്തില് പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ പത്മാവതി ടീച്ചറിനെ (62)യാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
തനിച്ചു താമസിക്കുകയായിരുന്ന പത്മാവതിയെ കൊലപ്പെടുത്തി അഞ്ചരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മാല, വള, കമ്മല്‍, മോതിരം എന്നിവയാണ് അപഹരിക്കപ്പെട്ടത്. സംഭവ ദിവസം പോലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും മണംപിടിച്ച പോലീസ് നായ തഴുപ്പ് ജങ്ഷന് വരെ ഓടിയശേഷം തിരിച്ചു പോരുമ്പോള്‍ സമീപത്തുള്ള ഒരു വീടിനു സമീപത്തുവന്നു നില്‍ക്കുകയായിരുന്നു.
നിരവധിപേരെ ഇതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിരുന്നു. മൂന്നുവര്‍ഷത്തിനിടെ അന്വേഷണം പ്രഹസനം മാത്രമായി മാറിയതായി ആക്ഷേപമുണ്ട്. പത്മാവതി ടീച്ചറിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്തു നിയമപരമായി ശിക്ഷിക്കാന്‍ തയ്യാറാകണമെന്നാണ് തഴുപ്പ് നിവാസികളുടേയും ബന്ധുക്കളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: