പെരിങ്ങോട്ടുകര: ദക്ഷിണാമൂര്‍ത്തി സംഗീത മണ്ഡപത്തിന് ചാരുതയേകാന്‍ ഇനി ചുമര്‍ചിത്രങ്ങളും. പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടക്കുന്ന സംഗീതോത്സവത്തിന് അണിഞ്ഞൊരുങ്ങുന്ന മണ്ഡപത്തിന്റെ ചുമര്‍ചിത്ര പണിപ്പുരയിലാണ് ഒരു മാസക്കാലമായി കലാകാരന്മാര്. സര്‍പ്പം പൂണൂലായി ധരിച്ച ഗണപതിയുടെ നൃത്തഭാവത്തോടെയാണ് ചിത്രരചനക്ക് തുടക്കം കുറിച്ചത്.
വീണവായിക്കുന്ന സരസ്വതിയും കയ്യില്‍ താമരയും തത്തയുമണിഞ്ഞ് നില്ക്കുന്ന പാര്‍വ്വതിയും സരസ്വതീ മണ്ഡപത്തിന് മിഴിവേകുന്നു. അഭയവരദ മുദ്രകളോടു കൂടി കയ്യില്‍ കുറുവടിയും പാനപാത്രവും ധരിച്ച് താമരപ്പൂവില്‍ നിന്ന് രത്നവര്ഷം ചൊരിയുന്ന വിഷ്ണുമായാ ചിത്രവും മുന്നിട്ട് നില്ക്കുന്നു. വാദ്യോപകരണങ്ങളേന്തിയ പത്ത് അപ്സര സ്ത്രീകളും മണ്ഡപ തൂണുകളില്‍ വിരാജിക്കുന്നു.
വീരാളിപ്പട്ടുകൊണ്ട് കമനീയമാക്കിയ മുകപ്പും ചേര്‍ന്ന ചിത്രങ്ങള്‍ സംഗീതോത്സവത്തിന് മുന്നോടിയായി ജനുവരി 15ന് മിഴി തുറക്കും. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രത്തില്‍ നിന്ന് അഞ്ച് വര്‍ഷ ഡിപ്ലോമ പൂര്‍ത്തിയാക്കിയ സുനീതും സഹപാഠികളായ അരുണ്‍ എടപ്പാള്‍, നിബിന് കോഴിക്കോട്, കൃഷ്ണന് പാലക്കാട്, ശ്രീജിത്ത് തൃശ്ശൂര്‍ എന്നിവരാണ് കരവിരുതിന് പിന്നില്‍. വടക്കുംനാഥ ക്ഷേത്രത്തില്‍ കാലഹരണം സംഭവിച്ച ചിത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പുരാവസ്തു വകുപ്പ് സുനീതിനെയാണ് ഏല്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: