കൊച്ചി: രൂക്ഷമായ വിഭാഗീയതയാല്‍ ശ്രദ്ധേയമായ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തൃപ്പൂണിത്തുറയില്‍ തുടങ്ങും. ജില്ലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ പിണറായിപക്ഷവും കോട്ട നിലനിര്‍ത്താന്‍ വിഎസ് പക്ഷവും ശക്തമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ജില്ലാസമ്മേളനം വാക്കേറ്റങ്ങളാലും പോര്വിളിയാലും കലുഷിതമാകുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് എക്കാലത്തും വിഎസ് പക്ഷത്ത് ഉറച്ചുനിന്ന ജില്ലയില്‍ പറവൂരില്‍ നടന്ന സമ്മേളനത്തോടെയാണ് പിണറായി പക്ഷം കാലുറപ്പിച്ചത്.
വിഎസ് പക്ഷത്തായിരുന്ന ഗോപി കോട്ടമുറിക്കലിന്റെ ചുവടുമാറ്റമാണ് ജില്ലയില്‍ പിണറായിപക്ഷത്തിന് സഹായമേകിയത്. പിന്നീട് ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് കോട്ടമുറിക്കലിന് സെക്രട്ടറിസ്ഥാനം ഒഴിയേണ്ടിവന്നു. ഇതേതുടര്‍ന്ന് കടുത്ത പിണറായി പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വി. ഗോവിന്ദന്മാസ്റ്ററെ സെക്രട്ടറിയാക്കിക്കൊണ്ടാണ് പിണറായി പക്ഷം ജില്ലയില്‍ ചുവടുറപ്പിച്ചത്.
ഇടക്കാലത്ത് ഗോവിന്ദന്‍മാസ്റ്റര്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ് പിണറായി പക്ഷക്കാരനായ സി. എം. ദിനേശ്മണിയെ ആസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ജില്ലാകമ്മറ്റിയില്‍ വിഎസ് പക്ഷത്തിനായിരുന്നു ഭൂരിപക്ഷം. തൃപ്പൂണിത്തുറയില്‍ ഇന്ന് ആരംഭിക്കുന്ന ജില്ലാസമ്മേളനത്തില്‍ ജില്ല പിടിക്കാന്‍ ഇരുപക്ഷവും ശക്തമായി രംഗത്തുണ്ട്. ജില്ലയിലെ 20 ഏരിയ കമ്മറ്റികളില്‍ മുന്‍തൂക്കം ലഭിച്ചത് പിണറായി പക്ഷത്തിന് കരുത്തേകിയിട്ടുണ്ട്. എന്നാല്‍ 360 ജില്ലാ സമ്മേളന പ്രതിനിധികളില്‍ നേരിയ ഭൂരിപക്ഷംമാത്രമാണ് വിഎസ് പക്ഷത്തിനുള്ളത്.
ഏരിയ സമ്മേളനങ്ങളില്‍ ഇരുപക്ഷത്തുനിന്നും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയനായ ദിനേശ്മണിയെ പിണറായി പക്ഷവും കൈവിട്ടിരിക്കുകയാണ്.
ദിനേശ്മണിയെ സെക്രട്ടറിസ്ഥാനത്തുനിന്നും ഒഴിവാക്കി പകരം പിണറായി പക്ഷത്തെതന്നെ പ്രമുഖനായ സി. എന്‍. മോഹനനെ സെക്രട്ടറിയാക്കാന്‍ പിണറായിപക്ഷത്ത് ധാരണയായിട്ടുണ്ട്. ഇക്കാര്യം വിഎസ്പക്ഷത്തെ പ്രമുഖരുമായി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചനടത്തിയിട്ടുണ്ട്. എന്നാല്‍ എന്തുവന്നാലും സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടിലാണ് വിഎസ്പക്ഷം.
കെ. ചന്ദ്രന്‍പിള്ളയെ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം. സമ്മേളന പ്രതിനിധികളിലെ നേരിയ ഭൂരിപക്ഷം ഈ നീക്കത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.
ഇതിനിടെ ജില്ല പിടിച്ചെടുക്കുന്നതിന് വാഗ്ദാനങ്ങളുമായി ഇരുപക്ഷവും സജീവമായി രംഗത്തുണ്ട്. സമ്മേളന പ്രതിനിധികളില്‍ ചാഞ്ചാടിനില്ക്കുന്നവരെ വശത്താക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം.
ഇതിനായി ജോലി വിഗ്ദാനവും വന്‍തുക ഓഫറും നല്‍കുന്നുണ്ട്. ജില്ലാ സമ്മേളനത്തിന്റെ പേരില്‍ വന്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊച്ചി റിഫൈനറി കേന്ദ്രമാക്കിയാണ് വന്‍ പിരിവ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.
സമ്മേളനം വയല്‍നികത്തിയ ഭൂമിയില്‍
തൃപ്പൂണിത്തുറ: സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നടക്കുന്നത് പാടം നികത്തിയ ഭൂമിയില്‍. സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. 15-ാം തീയതിയാണ് പൊതുസമ്മേളനം. നെല്‍പ്പാടം നികത്തിയ ഭൂമി സമ്മേളനവേദിയായി തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
പാടം നികത്തുന്നതിനെതിരെ നിരന്തരം സമരം ചെയ്യുന്ന സിപിഎം വയല്‍ നികത്തിയ ഭൂമിയാണ് സമ്മേളവേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. പാടം നികത്തിയ ഭൂമി പൊതുസമ്മേളന വേദിയായി തെരഞ്ഞെടുത്തപ്പോള്‍ തോട് മുറിച്ചു കടക്കുകയായിരുന്നു ആദ്യ വെല്ലുവിളി. പൂഴിയിറക്കി പ്രശ്നം പരിഹരിച്ചു.
തൃപ്പൂണിത്തുറയിലെ ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സമ്മേളനത്തിന്റെ മറവില്‍ കൂടുതല്‍ പാടം നികത്തുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നതോടെ സ്ഥലം എംഎല്‍എ കൂടിയായ കെ. ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം എഡിഎം സമ്മേളനസ്ഥലത്ത് എത്തി പരിശോധന നടത്തി. വേദിയിലേക്കുളള വഴി മാത്രമാണ് പൂഴി ഇറക്കി നിക്കത്തുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ വിശദീകരണം നല്കി. ഇതോടെ പരിശോധനയും അവസാനിപ്പിച്ചു. പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റുകാരുമായും ഏറെ അടുപ്പം പുലര്‍ത്തുന്നുവെന്ന ആരോപണവും ശക്തവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: