മലപ്പുറം: വിസ തട്ടിപ്പിനിരയായി മാസങ്ങളോളം സൗദി അറേബ്യയില്‍ കുടുങ്ങിക്കിടന്ന യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്തി. മലപ്പുറം, പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള എട്ടോളം യുവാക്കളാണ് ട്രാവല്‍ ഏജന്‍സി വഴി സൗദിയിലെത്തിയത്.
അവിടെ എത്തിയപ്പോഴാണ് ലേബര്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്ഥലത്താണ് എത്തപ്പെട്ടതെന്ന് മനസിലായത്. ഏജന്‍സി പറഞ്ഞുറപ്പിച്ച ജോലിയോ താമസ സൗകര്യമോ ലഭിച്ചില്ല. മലപ്പുറത്തും കോഴിക്കോടുമുള്ള ഏജന്‍സികള്‍ വഴിയാണ് ഇവര്‍ പോയത്. നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയതെങ്കിലും അതൊന്നും കിട്ടിയില്ല. അന്‍പത് ദിവസത്തോളം ഭക്ഷണം പോലും ലഭിക്കാതെ കഴിച്ചുകൂട്ടി. ഇതിനിടെ ഇവരുടെ ബന്ധുക്കള്‍ പത്രസമ്മേളനം വിളിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ സൗദിയിലെ സംഘടനകള്‍ ഇടപെടുകയുമായിരുന്നു.
സ്പോണ്‍സറായ അറബിയെ ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലുള്ള 120 വിസകള്‍ കേരളത്തിലേക്ക് നല്‍കിയിട്ടുണ്ടെന്നും അതിന് ഒരു വിധത്തിലുള്ള പണവും വാങ്ങിയിട്ടില്ലെന്നും പറഞ്ഞു. 120 വിസകളില്‍ ആദ്യത്തെ പത്ത് വിസയിലാണ് ഇവര്‍ പോയത്. പലരും സ്വര്‍ണ്ണാഭരണങ്ങളും, ആധാരവും പണയം വെച്ചാണ് ഏജന്‍സിക്ക് പണം നല്‍കിയത്. മറ്റാര്‍ക്കും ഇത്തരം അവസ്ഥയുണ്ടാകരുതെന്നും, വിദേശ ജോലിക്ക് പോകുമ്പോള്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു. മടങ്ങിയെത്തിയവരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.
ഏജന്‍സികളെ നിയമപരമായി നേരിടുമെന്നും, ആദ്യപടിയായി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: