കൊല്ലം: ക്രൈം സ്ക്വാഡിലെ പോലീസുകാരില്‍ നിന്ന് ഭീഷണി നേരിട്ട യുവാവിനെ രണ്ടുമാസമായി ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. ചിന്നക്കട ബസ്ബേയ്ക്കു സമീപം കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിനെയാണ് 2014 നവംബര്‍ 11 മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ രാജമ്മ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്.
കൃഷ്ണകുമാറിന്റെ സഹോദരന് രവി അഞ്ചുവര്‍ഷം മുമ്പ് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മരിച്ചതാണ്. ഇതിനുശേഷം കൃഷ്ണകുമാറിന്റെ സംരക്ഷണത്തിലാണ് രാജമ്മ. സെപ്തംബര്‍ 23ന് വീടിനുമുന്നില്‍ നിന്ന് മകനെയും സുഹൃത്തുക്കളായ അശോകന്, ബിജു എന്നിവരെയും ഈസ്റ്റ് സ്റ്റേഷന് ക്രൈംസ്ക്വാഡിലെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്തതായി രാജമ്മയുടെ പരാതിയില്‍ പറയുന്നു.
ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ഇത്. മറ്റ് രണ്ടുപേരെയും വിട്ടയച്ചെങ്കിലും കൃഷ്ണകുമാറിനെ 26ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കോടതി വിട്ടയച്ചാലും പണി തരുമെന്ന് സ്ക്വാഡിലെ പോലീസുകാര്‍ മകനെ ഭീഷണിപ്പെടുത്തിയതായി രാജമ്മ പറയുന്നു. കോടതി വിട്ടയച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31ന് പുറത്തിറങ്ങിയ കൃഷ്ണകുമാര്‍ നവംബര്‍ 11ന് വൈകിട്ട് മീന്‍ വാങ്ങാനെന്നു പറഞ്ഞുപോയശേഷം മടങ്ങിവന്നിട്ടില്ല.
മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്, മനുഷ്യാവകാശ കമ്മീഷന്, ഡിജിപി, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: