കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെയെല്ലാം കണ്ടെത്തി നിയമവഴിയില്‍ ശിക്ഷിക്കുമെന്ന് ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍. മൈത്രീപാല സിരിസേന സര്‍ക്കാര്‍ അധികാരത്തിലെത്തുംമുമ്പേ ഇക്കാര്യത്തില്‍ ഒരു നിലപാടെടുത്തിരുന്നുവെന്നാണ് സര്‍ക്കാര്‍ വക്താവ് അവകാശപ്പെടുന്നത്.
കെപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ കുമരന്‍ പത്മനാതന്‍ രാജ്യം വിട്ടശേഷം വിവരമൊന്നുമില്ല. ഇയാളെ ഉള്‍പ്പെടെ പിടികൂടി തിരികെ കൊണ്ടുവരുമെന്നാണ് പുതിയ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് രജിതാ സേന രത്‌നെയുടെ പ്രഖ്യാപനം.
രാജീവ് ഗാന്ധി വധക്കേസില്‍ പുനരന്വേഷണം വേണമെന്ന് ഭാരതത്തിലും വിവിധ ആവശ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനു പ്രസക്തിയേറെയുണ്ട്.
2009-ല്‍ കെപിയെ ലങ്ക അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഇയാളെ ഭാരതത്തിനു കൈമാറ്റം ചെയ്യാന്‍ മഹീന്ദ്ര രാജപക്ഷെ തയാറായില്ല. തുടര്‍ന്ന് അയാള്‍ രാജ്യം വിട്ടിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് പുതിയ സര്‍ക്കാര്‍ വക്താവിന്റെ വെളിപ്പെടുത്തല്‍.
















