ആലപ്പുഴ: ജില്ലയുടെ വടക്കന്‍ മേഖലയില്‍ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സമുദ്രോത്പന്ന സംസ്കരണ സ്ഥാപനങ്ങള്‍ മലിനീകരണ ഭീഷണിയുയര്‍ത്തുന്നു. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളുടെ തീരദേശ-കായലോര മേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലുമാണ് ശരിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ സംസ്കരണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.
എംപിഇഡിഎയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവയാണ് ഭൂരിപക്ഷവും.ഇവിടങ്ങളിലെ അവശിഷ്ടങ്ങളും മലിനജലവും സമീപത്തെ തോടുകളിലേക്കും മറ്റും ഒഴിക്കിവിടുന്നത് രൂക്ഷമായ പരിസര മലിനീകരണത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിതെളിക്കുന്നതായി പരാതിയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളുമായി മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ ദുര്‍ഗന്ധം പരത്തിദേശീയപാതയിലൂടേയും ഇടറോഡുകളിലൂടെയും കടന്നുപോകുന്ന വാഹനങ്ങള്‍ നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.
വാഹനങ്ങള്‍ കടന്നുപോയിക്കഴിഞ്ഞാല്‍ ഏറെനേരം ജനങ്ങള്‍ മൂക്കുപൊത്തി നില്‍ക്കേണ്ട സ്ഥിതിയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാകുന്നു. മലിനജലവും അവശിഷ്ടങ്ങളും അലക്ഷ്യമായി ഒഴുക്കിവിടുന്ന ഷെഡുകളിലും നൂറുകണക്കിന് തൊഴിലാളികള്‍ ഉപജീവനമാര്‍ഗം തേടുന്നുണ്ട്. പല രോഗങ്ങളും പകരാനുള്ള സാധ്യതയുണ്ടെങ്കിലും തൊഴില്‍ നഷ്ടമാകുമെന്ന കാരണത്താലാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്കാന് നാട്ടുകാര്‍ തയാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: