ബെര്‍ലിന്‍: പാരീസില്‍ ഭീകരാക്രമണത്തിനിരയായ ആക്ഷേപ ഹാസ്യ മാസിക ഷാര്‍ളി ഹെബ്‌ദോയിലെ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന് നേരെയും ആക്രമണം. ജര്‍മ്മനയിലെ വടക്കന്‍ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഹാംബര്‍ഗ് മോര്‍ഗന്‍ പോസ്റ്റ് എന്ന പ്രാദേശിക പത്രത്തിന്റെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.
അക്രമികള്‍ ഓഫീസിലേക്ക് കല്ലുകളും തീപ്പന്തവും വലിച്ചെറിഞ്ഞു. ആക്രമണത്തില്‍ ഓഫീസിന്റെ രണ്ട് മുറികള്‍ തകര്‍ന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഈ സമയം ഓഫീസില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
കല്ലേറില്‍ ഓഫീസിന് സാരമായ കേടുപാടുകള്‍ പറ്റി. തകര്‍ന്ന ചില്ലുകള്‍ക്കിടയിലൂടെ കത്തുന്ന വസ്തുക്കളും ഓഫീസിലേക്ക് എറിഞ്ഞു. പെട്ടെന്ന് തന്നെ തീയണയ്‌ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫ്രാൻസിൽ ഷാര്‍ളി-ഹെബ്ദോയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ മരിച്ചതിനെ തുടര്‍ന്ന് അവരുടെ മൂന്ന് കാര്‍ട്ടൂണകളാണ് ഹാംബെര്‍ഗ് മോര്‍ഗന്‍പോസ്റ്റ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്.
‘ഇത്രയും സ്വാതന്ത്ര്യം സാദ്ധ്യമാണ്’ എന്ന തലക്കെട്ടോടെയാണ് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
















