മിയാമി: വിക്ഷേപിച്ച പേടകത്തെ ഭ്രമണ പഥത്തിലെത്തിച്ച ശേഷം തിരികെയെത്തിച്ച് പുനരുപയോഗിക്കുന്നതിനുള്ള ദൗത്യം ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ പരീക്ഷണം പരാജയപ്പെട്ടു. അറ്റ്‌ലാന്‍ഡിക് മഹാ സമുദ്രത്തില്‍ കാത്തുകിടന്ന ബാര്‍ജില്‍ തിരിച്ചിറക്കാന്‍ കഴിഞ്ഞില്ലെന്നു സ്‌പേസ് എക്‌സ് കമ്പനി സി.ഇ.ഒ. എലണ്‍ മസ്ക് പറഞ്ഞു.
ഫാല്‍കണ്‍ 9 റോക്കറ്റിനെ തിരികെയെത്തിക്കുന്നതിനു നാസയും സ്പേസ് എക്സും സംയുക്തമായാണു പദ്ധതി ആവിഷ്കരിച്ചത്. ഫാല്‍കണ്‍ 9 റോക്കറ്റിന്റെ ഒരു ഭാഗം മാത്രം താഴെയെത്തിക്കുക എന്നതായിരുന്നു ദൗത്യം. ഈ ഭാഗത്തിന് ഏകദേശം 14 നില കെട്ടിടത്തിന്റെ ഉയരമുണ്ട്. ബാര്‍ജിലേക്ക് ഇടിച്ചിറങ്ങിയെങ്കിലും ഇതിന്റെ ഭാഗങ്ങള്‍ക്കൊന്നും തീപിടിച്ചിട്ടില്ലെന്നും കാര്യമായ തകരാറൊന്നമില്ലെന്നും എലണ്‍ മസ്ക് പറഞ്ഞു.
രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളും മറ്റും വഹിച്ചുള്ള ഡ്രാഗണ്‍ പേടകത്തിന്റെ വിക്ഷേപണത്തിനാണു ഫാല്‍കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചത്. നേരത്തേ റോക്കറ്റിന്റെ തകരാറുകളെത്തുടര്‍ന്നു വിക്ഷേപണം രണ്ടുവട്ടം തടസപ്പെട്ടിരുന്നു. പേടകം തിങ്കളാഴ്‌ച രാവിലെ സ്‌പേസ് സ്‌റ്റേഷനിലെത്തുമെന്നു നാസ അറിയിച്ചു. റോക്കറ്റ് തിരിച്ചിറങ്ങിയത് അസ്‌തമയത്തിനു തൊട്ടുമുമ്പായിരുന്നതിനാല്‍ ലാന്‍ഡിംഗിന്റെ മികച്ച വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് സ്‌പേസ് എക്‌സും വ്യക്‌തമാക്കി.
സാധാരണ, വിക്ഷേപണ ശേഷം റോക്കറ്റുകള്‍ പൂര്‍ണമായും നശിക്കുകയാണുണ്ടാകുന്നത്. ഇപ്പോഴത്തെ പരീക്ഷണം വിജയിച്ചിരുന്നെങ്കില്‍ വിക്ഷേപണത്തിനുള്ള ചെലവ് ഭാവിയില്‍ വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിയുമായിരുന്നു.
















