ആലുവ: ആലുവ- അങ്കമാലി മേഖലയിലേക്ക് തമിഴ്നാട്ടില്‍ നിന്നും ബസ്മാര്‍ഗ്ഗം നിത്യേന കഞ്ചാവെത്തുന്നു. കഴിഞ്ഞ ദിവസം പത്ത് കിലോ കഞ്ചാവുമായി അങ്കമാലിയില്‍ പിടിയിലായ തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. നിത്യേന മാറിമാറിയാണ് പലരും ഇത്തരത്തില്‍ കഞ്ചാവ് കൊണ്ടുവരുന്നത്. അന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് തമിഴ്നാട്ടിലെതേനികേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ സജീവമായിരിക്കുന്നത്. തമിഴ്നാട്ടില്‍ ഈ സംഘം കഞ്ചാവ് വില്‍പ്പന നടത്തുന്നില്ല.
അതുകൊണ്ടുതന്നെ തമിഴ്നാട് പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്താത്തതും തേനിയിലെ സംഘത്തിന് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള സഹായമായിമാറുകയും ചെയ്തു. തേനികേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പ്പന സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെ വളരെയേറെ പേരുണ്ട്. ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ സംഘം പ്രതിമാസം കഞ്ചാവ് വില്‍പ്പനയിലൂടെ ഇത്തരത്തില്‍ സമാഹരിക്കുന്നത്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിലേറെയും തമിഴ്നാട്ടുകാരാണ്. കിലോയ്ക്ക് എണ്ണായിരം രൂപ വിലയ്ക്കാണ് ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്.
എന്നാല്‍ തേനിയില്‍ നേരിട്ട് ചെന്നാല്‍ മൂവായിരം രൂപയ്ക്ക് ലഭിക്കുകയും ചെയ്യും. തേനിയിലെത്തിനേരിട്ട് കഞ്ചാവ് സ്വീകരിക്കുന്ന മലയാളിസംഘങ്ങളുമുണ്ട്. അങ്കമാലിയില്‍ പിടിയിലായസുരേഷും പാല്‍പ്പാണ്ടിയും ഇതിനുമുമ്പ് നിരവധി തവണകേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അങ്കമാലിയിലുള്പ്പെടെ വിവിധ സ്ഥലങ്ങളില്‍ വച്ച് കഞ്ചാവ് ഏറ്റുവാങ്ങുവാനെത്തുന്നവരെ സംബന്ധിച്ച ചിലവിവരങ്ങളും ഇവരില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പൊടിയാക്കിയശേഷം വളരെ ഭദ്രമായാണ് പൊതിയുന്നത്.
കഞ്ചാവിന്റെ മണം പുറത്തേക്ക് വമിക്കാതിരിക്കുന്നതിന് കഞ്ചാവ് പൊതിയുന്ന കടലാസില്‍ സുഗന്ധദ്രവ്യങ്ങളും മറ്റും പുരട്ടുകയാണ് ചെയ്യുന്നത്. പതിവായി കഞ്ചാവ് ഏറ്റുവാങ്ങുന്ന സംഘങ്ങള്‍ക്കിടയിലുണ്ടായ ഭിന്നതയാണ് ഇവരെ പിടികൂടുന്നതിന് സഹായകമായത്. അടുത്തിടെ കഞ്ചാവിന്റെ വിലവര്‍ദ്ധിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് പതിവായികഞ്ചാവ് ഏറ്റുവാങ്ങിയിരുന്നയാള് പിന്മാറിയപ്പോള് കഞ്ചാവ് മാഫിയ പുതിയയാളെകണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പഴയയാള്‍ കഞ്ചാവെത്തുന്ന വിവരം രഹസ്യമായി പോലീസിന് കൈമാറിയതെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: