രാമനാട്ടുകര: രാമനാട്ടുകരയുടെ ഗ്രാമോത്സവമായി മാറിയ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. കാത്തിരുന്ന ഉത്സവം സമാഗതമായപ്പോള്‍ രാമനാട്ടുകരക്കാര് അത് മഹോത്സമാക്കി മാറ്റി. മൂന്നു ദിവസങ്ങളായി നടക്കുന്ന കലോത്സവത്തിനായി മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കം തുടങ്ങി.
പതിനൊന്നാം സംസ്ഥാന കലോത്സവമായതിനാല്‍ പതിനൊന്നിന കര്‍മ്മപരിപാടികള്‍ നടപ്പാക്കി. സ്വച്ഛഭാരത് യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണം, വിസ്മയമായ വിളംബര ജാഥ, വിളംബരസമ്മേളനം, നാടിന്റെ ഉണര്‍ത്തുപാട്ടായി മാറിയ ജ്യോതിര്‍ഗമയ നൃത്തസംഗീത ശില്പം തുടങ്ങിയവയെല്ലാം രാമനാട്ടുകരക്കാര് നെഞ്ചേറ്റുകയായിരുന്നു. കാത്തിരുന്ന കലോത്സവം എത്തിയതോടെ അവര്‍ നിവേദിതയിലേക്ക് ഒഴുകിയെത്തി.
സ്വാഗതസംഘത്തിന് പുറമെ പത്തോളം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ഗ്രാമസമിതികളുടെ കൂട്ടായ്മ കലോത്സവത്തെ മറ്റെങ്ങുമില്ലാത്ത വിധത്തില്‍ കൂടുതല്‍ ജനകീയമാക്കി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൈമെയ് മറന്ന് നടത്തിയ പ്രയത്നം ഒരു മഹാമേളയുടെ വിജയത്തിന് കാരണമായി. സ്കൂള്‍ പരിസരത്തുള്ളവര്‍ നല്കിയ പൂര്‍ണ്ണ പിന്തുണ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയവര്‍ക്ക് കൈത്താങ്ങായി. പതിനൊന്നാം സംസ്ഥാന കലോത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ വിദ്യാനികേതന്റെ ചരിത്രത്തിലെ ഒരു ജനകീയ കലോത്സവത്തിനാണ് കൊടിയിറങ്ങുന്നത്.
ഇന്നലെ വിവിധ വേദികളിലായി ഭഗവദ്ഗീത ചൊല്ലല്‍, നാടോടിനൃത്തം, സംഘനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, പദ്യംചൊല്ലല്‍ (മലയാളം), പ്രസംഗം(മലയാളം), നാടകം(ഇംഗ്ലീഷ്), നാടകം(മലയാളം), നാടകം(സംസ്കൃതം), പദ്യംചൊല്ലല്‍ (ഇംഗ്ലീഷ്), പ്രസംഗം(ഇംഗ്ലീഷ്), പദ്യംചൊല്ലല്‍(ഹിന്ദി), പ്രസംഗം(ഹിന്ദി), ഗാനാലാപനം(സംസ്കൃതം), സംഘഗാനം(സംസ്കൃതം), ശാസ്ത്രീയസംഗീതം(വായ്പാട്ട്), കഥാകഥനം(മലയാളം), തിരുവാതിരക്കളി, ഓട്ടന്തുള്ളല് എന്നിവ നടന്നു.
ഇന്ന് വിവിധ വേദികളിലായി യോഗ്ചാപ്, ലളിതഗാനം, ഉപകരണസംഗീതം, പദ്യംചൊല്ലല്‍ (സംസ്കൃതം), പ്രസംഗം(സംസ്കൃതം), അഷ്ടപതി, നാടന്‍പാട്ട്, ദേശഭക്തിഗാനം, കാവ്യകേളി, അക്ഷരശ്ലോകം, പ്രശ്നോത്തരി, പ്രശ്നോത്തരി(സംസ്കൃതം), ഏകാഭിനയം, ശബ്ദാനുകരണം എന്നീ മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ അഞ്ഞൂറോളം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: