രാമനാട്ടുകര: രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ ആതിഥേയര്‍ക്ക് പൊന്‍തിളക്കം. എച്ച്എസ് വിഭാഗം സംസ്കൃതം നാടകത്തിലാണ് നിവേദിതാ വിദ്യാപീഠത്തിലെ മിടുക്കര്‍ ഒന്നാംസ്ഥാനം നേടിയത്.
ജടായു വധം കഥയാണ് ആശ്ചര്യചൂഢാമണി എന്നു പേരിട്ട നാടകത്തിലൂടെ നിവേദിതയിലെ കലാകാരന്മാര് വേദിയില്‍ അവതരിപ്പിച്ചത്. എം. അക്ഷയ് രാവണനായും പി. ആര്‍ദ്ര സീതയായും ഇ. ദിയ ലക്ഷ്മണനായും പി. വിഷ്ണു ജടായുവായും എം.വി. ഗോപിക മാരീചനായും ടി. പ്രണവ്യ ശൂര്‍പ്പണഖയായും അഖില ശ്രീരാമനായും വേദിയില്‍ എത്തി. വി.പി. വിഷ്ണു, അഭിനന്ദ്, എന്‍. അനുഗ്രഹ് എന്നിവര്‍ അണിയറയില്‍ നിന്ന് അരങ്ങിലുള്ളവര്ക്ക് പൂര്‍ണ്ണ പിന്തുണയേകി. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന കലോത്സവത്തില്‍ സ്കൂള്‍ ടീം സംസ്കൃത നാടകത്തില്‍ രണ്ടാം സ്ഥാനവും എഗ്രേഡും നേടിയിരുന്നു. ശ്രീനിവാസ കൃഷ്ണമൂര്‍ത്തി, സ്കൂളിലെ അദ്ധ്യാപകന് പി. ജിജേഷ് എന്നിവരാണ് നാടകപരിശീലകര്. വേദി അഞ്ചിലെ ആദ്യ മത്സര ഇനമായിരുന്നു സംസ്കൃതം നാടകം. മത്സരത്തില്‍ പങ്കെടുത്ത എട്ട് ടീമുകളും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്.
മലപ്പുറം ചുങ്കത്തറ വിശ്വഭാരതി വിദ്യാനികേതനിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്ത് മോഹനന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണ്ണഭാരം എന്ന നാടകത്തില്‍ കര്ണ്ണനായാണ് അഭിജിത്ത് വേദിയില്‍ എത്തിയത്. തിരുവനന്തപുരം പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളിലെ സുരഭി സുരേഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. സുഗതകുമാരിയുടെ കൊല്ലുന്നതെങ്ങിനെ എന്ന കവിതയെ ആസ്പദമാക്കി അവതരിപ്പിച്ച മാതൃവാക്യം എന്ന നാടകത്തിലെ അമ്മയായാണ് സുരഭി വേദിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: