ആലപ്പുഴ: മറ്റു രാജ്യങ്ങളുടെ പരാജയം കണ്ട് ദൗത്യങ്ങളില്‍നിന്ന് പിന്തിരിയരുതെന്ന് മംഗള്യാന് വിജയം കാട്ടിത്തന്നുവെന്നു ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.കെ. രാധാകൃഷ്ണന്. സ്വീകരണയോഗത്തില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ റഷ്യയും അമേരിക്കയുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പരാജയം രുചിച്ച ചൊവ്വാ ദൗത്യം ഐഎസ്ആര്‍ഒ ധൈര്യപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് നമ്മുടെ നേട്ടം. അമേരിക്ക ചൊവ്വാ ദൗത്യത്തിന് ചെലവാക്കിയതിന്റെ വളരെച്ചെറിയൊരംശമേ നമുക്ക് മംഗള്യാന് വേണ്ടിവന്നുള്ളൂവെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പിഎസ്എല്‍വിയുടെ പിന്‍ബലവും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളും ചെലവ് കുറയ്ക്കാന്‍ ഏറെ സഹായിച്ചു. 300 ദിവസം പ്രവര്‍ത്തിക്കാതിരുന്ന ലിക്വിഡ് എന്ജിന് ശരിയായ സമയത്ത് വീണ്ടും പ്രവര്‍ത്തിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. മംഗള്യാന് ദൗത്യം പൂര്‍ണ വിജയമായിരുന്നു. അവിടെനിന്നുള്ള ചിത്രങ്ങള്‍ നമുക്കു ലഭിച്ചുകഴിഞ്ഞു.
ചൊവ്വയിലെ മീഥേനിന്റെ സാന്നിദ്ധ്യം പഠിച്ചുവരുകയാണ്. ജീവന്റെ സാന്നിധ്യമറിയാന്‍ ഇത് സഹായിക്കും. ജൈവ-അജൈവ സാഹചര്യങ്ങളാണോ ഇതിനു പിന്നിലെന്ന് അറിയേണ്ടതുണ്ട്. ഡ്യൂട്ടീരിയം, ഹൈഡ്രജന്‍ എന്നിവയെപ്പറ്റിയും പഠനങ്ങള്‍ നടന്നുവരുന്നു. അതിന്റെ ഫലം ഉടനറിയാം. കുറഞ്ഞ ഊര്‍ജച്ചെലവ്, പിഴവില്ലാത്ത ദിശ, വേഗം കുറയ്ക്കാനുള്ള എന്ജിന് പ്രവര്‍ത്തനക്ഷമമാക്കല്‍ തുടങ്ങിയവ ദൗത്യത്തിന് അവശ്യം വേണ്ടിയിരുന്നു. അതു നമുക്കു സാധിച്ചു. ആറുമാസത്തേക്ക് പ്രവര്‍ത്തിക്കാനുള്ള ഇന്ധനം ഉപഗ്രഹത്തിലുണ്ട്. മറ്റു സാങ്കേതിക ഘടകങ്ങളെല്ലാം നമ്മള് ലാബുകളില്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ മംഗള്യാന് അതിന്റെ ചുമതലകള്‍ പൂര്‍ണമായും നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രജ്ഞരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നല്കി. വിവിധ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: