ന്യൂദല്‍ഹി: ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന കെജിഎസ് ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പഠനം നടത്തുന്നതിന് കെജിഎസ് ഗ്രൂപ്പ് നല്കിയ പുതിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീം കോടതിയും പദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ച് കടുത്ത നിലപാട് കൈക്കൊണ്ടിരിക്കെയാണ് കെജിഎസ് പുതിയ അപേക്ഷയുമായി കേന്ദ്രത്തെ സമീപിച്ചത്.
പദ്ധതിക്കാവശ്യമായ ഭൂമിയുടെ രേഖകളിലെ സംശയമാണ് അപേക്ഷ മടക്കാന്‍ കാരണം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ പാരിസ്ഥിതികാഘാത പഠന അതോറിറ്റിയാണ് കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ തള്ളിയത്. മതിയായ രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ നല്കിയാല് മാത്രമേ ആവശ്യം പരിഗണിക്കാനാവുവെന്നതാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.
എസ്ജിഎസ് ഇന്ത്യാ ലിമിറ്റഡ് എന്ന ഏജന്‍സിയെക്കൊണ്ട് പുതിയ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ അനുമതി തേടുകയായിരുന്നു കെജിഎസിന്റെ ഉന്നം. നേരത്തെ യോഗ്യതയില്ലാത്ത ഏജന്‍സിയെ വെച്ചു നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോയതിന്റെ പേരിലാണ ഹരിത ട്രിബ്യൂണല്‍ വിമാനത്താവള പദ്ധതി തടഞ്ഞത്. സുപ്രീംകോടതിയും ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെജിഎസിനെതിരെ നിലപാടെടുത്തിരുന്നു.
ജനുവരി 6ന് കെജിഎസിന്റെ അപേക്ഷ പരിഗണിച്ച പാരിസ്ഥിതികാഘാത പഠന അതോറിറ്റി ഭൂമിയുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. ആറന്മുളയിലെ പദ്ധതി പ്രദേശത്ത് ഭൂമി നികത്താന്‍ അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കെജിഎസ് ഗ്രൂപ്പ് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചതെന്ന് വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ‘ജന്മഭൂമി’യോട് പറഞ്ഞു.
പദ്ധതിക്കായി ഭൂമി മണ്ണിട്ടു നികത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാത്തതാണ് അപേക്ഷയ്ക്കൊപ്പം ഇത്തരം രേഖകള്‍ നല്കാന് കെജിഎസിന് സാധിക്കാത്തതിനു കാരണം. പദ്ധതിക്കു വേണ്ടിവരുന്ന 500 ഏക്കര്‍ പ്രദേശത്തെ നെല്‍വയലുകളും നീര്‍ച്ചാലുകളും നികത്തുന്നതിന് കെജിഎസിന് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിന്നും പദ്ധതിയെ ഒഴിവാക്കിയാലെ ഭൂമി നികത്തല്‍ സാധ്യമാകു. പദ്ധതി വരുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റും അപേക്ഷയിലുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പദ്ധതിക്ക് എന്‍ഒസി നല്‍കിയിട്ടില്ല. പദ്ധതി പ്രദേശത്ത് നെല്‍വയലുകളും നീര്‍ച്ചാലുകളും മണ്ണിട്ടു നികത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തം.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി പത്തോളം കേസുകള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെജിഎസിന്റെ അപേക്ഷ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി വനം-പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. പാരിസ്ഥിതികാഘാത പഠന അതോറിറ്റിക്ക് ആറന്മുള കര്‍മ്മസമിതിയുടെ പരാതി കേന്ദ്രസര്‍ക്കാര്‍ കൈമാറുകയും ചെയ്തു. കെജിഎസിന്റെ അപേക്ഷ പരിഗണനയ്ക്ക് വന്നപ്പോള്‍, കര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന നിയമലംഘനങ്ങള്‍ കൂടി അതോറിറ്റി പരിഗണിച്ചതായാണറിവ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പരാതികളൊന്നും പരിഗണനയ്ക്കെടുക്കാതെയാണ് യോഗ്യതയില്ലാത്ത ഏജന്‍സിക്ക് പാരിസ്ഥിതികാഘാത പഠനത്തിന് കേന്ദ്രാനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: