മലപ്പുറം: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ജനുവരി 15 മുതല്‍ നടക്കുന്ന 69-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മലപ്പുറം കലക്ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
മഞ്ചേരി സ്റ്റേഡിയം വികസനത്തിനായി രൂപീകരിക്കുന്ന സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ആദ്യ സംഭാവനയായി ഗോകുലം ഗ്രൂപ്പിന്റെ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഗോകുലം ഗ്രൂപ്പ് അസി. ജനറല്‍ മാനേജര്‍ പി.സി. വിശ്വകുമാര്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. സംഘാടക സമിതി ജന. കണ്‍വീനര്‍ അഡ്വ. എം. ഉമ്മര്‍ എംഎല്‍എ, പി. ഉബൈദുല്ല എംഎല്‍എ, ജില്ലാ കളക്ടര്‍ കെ. ബിജു, എഡിഎം എം.ടി. ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടിക്കറ്റുകള്‍ ജനുവരി 12 മുതല്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ വിവിധ ശാഖകളിലൂടെയാണ് വിതരണം ചെയ്യുന്നത്. സീസണ് ടിക്കറ്റുകള്‍ 12ന് രാവിലെ 10 മുതലും ദിവസേനയുള്ള ടിക്കറ്റുകള്‍ 13ന് രാവിലെ 10 മുതലുമാണ് വിതരണം ചെയ്യുക.
ഓപ്പണ്‍ ഗാലറിയില്‍ ടിക്കറ്റ് നിരക്ക് 80 രൂപയും റൂഫ് ഗാലറിയില്‍ 100 രൂപയുമായി ടൂറിസം വകുപ്പ് മന്ത്രി അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം നിശ്ചയിച്ചു. സീസണ് ടിക്കറ്റ് നിരക്ക് ഓപ്പണ്‍ ഗാലറിയില്‍ 400, റൂഫ് ഗാലറിയില്‍ 500 എന്നിങ്ങനെയാണ്.
സന്തോഷ് ട്രോഫിയുടെ സൗത്ത് സോണ്‍ മത്സരങ്ങളാണ് മഞ്ചേരിയില്‍ നടക്കുന്നത്. ജനുവരി 15ന് കേരളവും ആന്ധ്രാപ്രദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരം ഉദ്ഘാടനം ചെയ്യും. യോഗ്യത റൗണ്ടില്‍ കേരളം ഉള്‍പ്പെടെ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എ-യില്‍ ജനുവരി 15ന് കേരളം- ആന്ധ്രപ്രദേശ്, 17ന് ആന്ധ്ര പ്രദേശ്- കര്‍ണാടക, 19ന് കര്‍ണാടക- കേരളം, ഗ്രൂപ്പ് ബി-യില്‍ 16ന് സര്‍വീസസ്- പോണ്ടിച്ചേരി, 18ന് പോണ്ടിച്ചേരി- തമിഴ്നാട്, 20ന് തമിഴ്നാട്- സര്‍വീസസ് എന്നിങ്ങനെയാണ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: