തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് അധ്യാപക പരിശീലനകേന്ദ്രങ്ങള്‍ പൂര്‍ണമായി അണ് എയ്ഡഡ് ലോബിക്ക് അടിയറവയ്ക്കുന്ന കേരള സര്‍വ്വകലാശാലയുടേയും വൈസ്ചാന്സലറുടേയും നടപടികള്‍ക്കെതിരെ ബിഎഡ് കോളേജ് അധ്യാപകര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 12നും 14നും സമരസഹായസമിതിയുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് അസോസിയേഷന് ഓഫ് കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേറ്റേഴ്സ്(എകെയുടിഇ).
സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള 10 ബിഎഡ് കോളേജുകളില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ (എന്‍സിടിഇ) അംഗീകാരത്തിന് വിധേയമായി മാത്രമേ 2014-15 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ നടത്താന്പാടുള്ളൂവെന്ന് 2014 ഏപ്രില്‍ 11ന് ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായി. എന്നാല്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് ബിഎഡ് കോളേജുകളെ നിലനിര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും സര്‍വ്വകലാശാല സ്വീകരിക്കുന്നില്ല. അധ്യാപകര്‍ അനിശ്ചിതകാല സമരം ആരംഭിച്ചിട്ട് 11 ദിവസംകഴിഞ്ഞു. എന്നിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സമരം ശക്തമാക്കുന്നത്. 1990 മുതല്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിഎഡ് കോളേജുകള്‍ കേരളത്തിലെ മാതൃകാ അധ്യാപക പരിശീലനകേന്ദ്രങ്ങളാണ്. മെറിറ്റും സവരണവും പാലിച്ച് വിദ്യാര്‍ത്ഥിപ്രവേശനം നടത്തുന്ന ഈ കോളേജുകളില്‍ പ്രതിവര്‍ഷം 2000 കുട്ടികള്‍ക്കാണ് പഠിക്കാന്‍ അവസരമുള്ളത്. എംഎഡ്, എംഫില്‍, നെറ്റ്, പിഎച്ച്ഡി എന്നീ ഉന്നതയോഗ്യതകളുള്ള അധ്യാപകരാണ് കഴിഞ്ഞ 24 വര്‍ഷമായി തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്നത്.
10 വര്‍ഷമായി ഒന്നുമുതല്‍ അഞ്ചുവരെയുള്ള ബിഎഡ് റാങ്കുകളെല്ലാം ഈ കോളേജുകളിലാണ്. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന ബിഎഡ് കേന്ദ്രങ്ങളാണ് സര്‍വ്വകലാശാലയുടെ നിസംഗതമൂലം തുടര്‍പ്രവര്‍ത്തനം അസാധ്യമാകുന്നത്. എന്‍സിടിഇ ആവശ്യപ്പെടുന്ന യാതൊരു രേഖകളും നല്‍കാതെ നിഷേധാത്മക സമീപനമാണ് സര്‍വ്വകലാശാല സ്വീകരിക്കുന്നത്. ഒരോ കോളേജുകളിലും ഓരോ അധ്യാപകരെങ്കിലും ശമ്പള സ്കെയില്‍ കൊടുത്ത് നിയമിക്കാമെന്ന ഉറപ്പെങ്കിലും ലഭിച്ചാല്‍ പ്രവേശനത്തിന് അനുവാദം നല്‍കാമെന്ന് എന്‍സിടിഇ സമ്മതിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 20 അധ്യാപകര്‍ക്ക് ശമ്പളസ്കെയില്‍ നല്കി 2014-15 വര്‍ഷത്തെ പ്രവേശനം നടത്താനായി സര്‍ക്കാര്‍ ഉത്തരവിട്ടുവെങ്കിലും ഇതിന് അനുകൂലമായി ഉത്തരവിറക്കാര് സര്‍വ്വകലാശാല തയ്യാറാകുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: