തിരുവനന്തപുരം: ദേശീയ ഗെയിംസിനെ ദുരന്ത നിവാരണ അതോറിറ്റിയും കൈവിട്ടു. കായിക താരങ്ങളുടേയും ലക്ഷക്കണക്കിന് കാണികളുടേയും പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരുടേയും ജീവന് യാതൊരു സുരക്ഷയും ഒരുക്കാതെയാണ് ദേശീയ ഗെയിംസ് സംഘാടകരും സര്‍ക്കാരും മുന്നോട്ടു പോകുന്നത്.
35-ാമത് ദേശീയ ഗെയിംസ് ആഘോഷമാക്കാന്‍ തെരഞ്ഞെടുത്ത നിരവധി കമ്മിറ്റികളില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ കമ്മിറ്റിയുമുണ്ടായിരുന്നു. എന്നാല്‍, ദുരന്ത നിവാരണ അതോറിറ്റിയിലെ ഒരു പ്രമുഖ വ്യക്തി കമ്മിറ്റിയുടെ പിടിപ്പുകേടും നിര്‍ജ്ജീവാവസ്ഥയും കണ്ട് രാജിവെച്ചു. മൂന്നു കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് കൂടിയ നാല് കമ്മിറ്റികളില്‍ പങ്കെടുക്കാന്‍ മനസ്സനുവദിച്ചില്ലെന്ന് ദുഖത്തോടെ ഈ ഉദ്യോഗസ്ഥന് ജന്മഭൂമിയോടു പറഞ്ഞു.
ലക്ഷങ്ങളുടെ ജീവന് വെച്ച് കളിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്കാവില്ല. അദ്ദേഹം പറഞ്ഞു.
അപകടങ്ങള്‍ ഉണ്ടായാല്‍ എന്തുചെയ്യുമെന്നുള്ളതിന്റെ പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ല. മേനംകുളത്തെ ഗെയിംസ് വില്ലേജ് ഉദാഹരണമാണ്. കായികതാരങ്ങള്‍ക്ക് താത്ക്കാലികമായി ഒരുക്കിയിട്ടുള്ള വില്ലകളാണ് അവിടെ. ഇവിടെ വൈദ്യുതി ഇല്ലാതായാല്‍ പകരം എന്തു ചെയ്യണമെന്ന് ആര്‍ക്കും അറിയില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടോ തീപിടുത്തമോ ഉണ്ടായാല്‍ കായികതാരങ്ങളെ എങ്ങോട്ടേക്കു മാറ്റും. അതിനു പ്രത്യേകം സംവിധാനം ഉണ്ടോ, എന്നതിനൊന്നും വ്യക്തമായ ഉത്തരം കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. പകരം ആശയവിനിമയ സംവിധാനം ഇല്ലാതെയാണ് ഗെയിംസ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. തീവ്രവാദികളും, മാവോയിസ്റ്റുകളും ഭീഷണി മുഴക്കിയിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധവെയ്ക്കേണ്ടതാണ്.
ബോംബ് സ്ക്വാഡും അതുപോലുള്ള സുരക്ഷാ മോണിറ്ററിംങ് സംവിധാനങ്ങളും മാസങ്ങള്‍ക്കു മുമ്പു തന്നെ മോക്ഡ്രില്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍, സ്റ്റേഡിയങ്ങളുടെ പണി പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഏതൊക്കെ ഭാഗങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷാ ഭടന്മാരും സുരക്ഷാ ഉപകരണങ്ങളും എന്തൊക്കെ വേണം. അപകടം സംഭവിച്ചാല്‍ ആദ്യം വിളിക്കേണ്ടതാരെ. ആംബുലന്‍സിനും സംരക്ഷണ സംവിധാനങ്ങള്‍ക്കും വേഗത്തില്‍ അപകട സ്ഥലത്തെത്താനുള്ള വഴി. ജനങ്ങളെ സുരക്ഷിതമായി മാറ്റേണ്ട പ്രത്യേക സ്ഥലം. എന്നു തുടങ്ങി എല്ലാ മേഖലയിലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കാനുള്ള പ്രത്യേക പ്ലാന്‍. റോഡുകളില്‍ വാഹനങ്ങള്‍ ക്രമീകരിക്കാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും പ്രത്യേക പ്ലാന്‍, കായിക താരങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ദുരന്ത പ്രതിരോധത്തിന് പ്രത്യേക പ്ലാന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം പ്രത്യേകം പ്ലാനുകള്‍ തയ്യാറാക്കേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: