കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ റോഡു പ്രവൃത്തിക്കുള്ള ടാര്‍ നല്‍കുന്നത് നിര്‍ത്തുന്നു. ആവശ്യമായ ടാര്‍ സംഭരിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കേണ്ട ബാധ്യത ഇതോടെ കരാറുകാരനിലാകും. ഈ ഇനത്തില്‍ മുന്‍കൂര്‍ ചെലവഴിക്കേണ്ട കോടികള്‍ കരാറുകാരന്റെ തലയില്‍ കെട്ടിവെക്കുകയാണ് സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം.
റോഡ് പണിക്കായി നല്കുന്ന ടാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ന്യായം പറഞ്ഞാണ് ഇത് സംബന്ധിച്ച് നിയന്ത്രണം വെക്കുന്നത്. അടിയന്തര പ്രവൃത്തികള്‍ക്ക് മാത്രമേ ഇനി മുതല്‍ ടാര്‍ നല്‍കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അഞ്ച് ലക്ഷം രൂപയില്‍ താഴെ ചെലവുവരുന്ന പ്രവൃത്തികള്‍ക്ക് 2015 മാര്‍ച്ച് 31 വരെ ടാര്‍ നല്കുകയുള്ളൂവെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം അടിയന്തര പണിക്കേ ടാര്‍ വിതരണം ചെയ്യൂ എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ അതുണ്ടാകില്ലെന്ന് ഉറപ്പാണ്.
നിലവില്‍ ഇടത്തരം പ്രവൃത്തികള്‍ക്കെല്ലാം ടാര്‍ നല്‍കുന്നത് സര്‍ക്കാറാണ്. സിഡ്കോ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്നിവിടങ്ങളില്‍ നിന്ന് ടാര്‍ വാങ്ങുന്നതിന് സര്‍ക്കാറിന് റൊക്കം പണം നല്‍കേണ്ടതുണ്ട്. റോഡ് പണി ഒന്നിച്ച് നടക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് ട്രഷറിയില്‍ നിന്ന് ചെലവഴിക്കേണ്ടിവരുന്നത്. ഇത് തടയാനുള്ള കുറുക്കുവഴിയാണ് പുതിയ നീക്കത്തിന് പിന്നില്‍.
മുന്‍കൂട്ടി പണം നല്കി കരാറുകാരന് തന്നെ ടാര്‍ വാങ്ങി റോഡ് പണി പൂര്‍ത്തിയാക്കണം. ഇതിന് ശേഷം ബില്‍ സമര്‍പ്പിച്ച് സര്‍ക്കാറില്‍ നിന്ന് പണം കൈപ്പറ്റണം. ബില്‍ വൈകിപ്പിച്ച് പണത്തിന്റെ ഒഴുക്ക് തടയുന്ന പതിവു തന്ത്രവും ഇതോടെ സര്‍ക്കാറിന് നടപ്പാക്കാനാകും. ദീര്‍ഘകാലമായി ബില്‍ പാസ്സാകാതെ ബുദ്ധിമുട്ടുന്ന കരാറുകാര്‍ ഇതോടെ കൂടുതല്‍ വെട്ടിലാകും.
ദര്‍ഘാസ് ഫോറം, നിരതദ്രവ്യം, പ്രവൃത്തിക്കുള്ള ജാമ്യതുക എന്നിവയ്ക്കുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചും കരാറുകാരില്‍ നിന്ന് ട്രഷറിയിലേക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ നീക്കമുണ്ട്. ഇവയുടെ ഫീസ് നിരക്കിന്റെ തട്ടുകള്‍ ഇതിനായി വിപുലീകരിച്ചു.
50,000 രൂപവരെ യുള്ള പ്രവൃത്തിക്കുള്ള ദര്‍ഘാസ് ഫോറത്തിന്റെ ഫീസ് നിരക്ക് 300 രൂപയാണ്. പത്ത് ലക്ഷം രൂപ വരെയുള്ള പ്രവൃത്തിക്ക് അഞ്ഞൂറ് മുതല്‍ പരമാവധി രണ്ടായിരം രൂപയും രണ്ട് കോടി വരെയുള്ളതിന് അയ്യായിരം രൂപയും അഞ്ച് കോടി വരെയുള്ള പ്രവൃത്തിക്ക് ഏഴായിരത്തിഅഞ്ഞൂറ് രൂപയും പത്ത് കോടി വരെയുള്ളതിന് പതിനായിരവും പത്ത് കോടിക്ക് മേലുള്ള പ്രവൃത്തിക്ക് പതിനയ്യായിരം രൂപയും ഫീസ് നല്‍കണം.
നിരതദ്രവ്യമായി രണ്ട് കോടി വരെയുള്ള പ്രവൃത്തിക്ക് പരമാവധി അമ്പതിനായിരം രൂപയും അഞ്ച് കോടി വരെയുള്ള പ്രവൃത്തിക്ക് ഒരുലക്ഷം രൂപയും പത്ത് കോടിവരെയുള്ളതിന് രണ്ട് ലക്ഷവും പത്ത്കോടിക്ക് മുകളിലുള്ള പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയും നിരതദ്രവ്യം നല്‍കണം.
കരാര്‍ അടങ്കല്ലിന്റെ അഞ്ചുശതമാനമായിരിക്കും സര്‍ക്കാരില്‍ ഒടുക്കേണ്ട ജാമ്യതുക. ഇത് അമ്പത് ശതമാനം ട്രഷറി സ്ഥിരം നിക്ഷേപ രൂപത്തിലായിരിക്കണം.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ദയനീയമാകുന്ന സ്ഥിതിയാണിപ്പോള്‍. നിത്യനിദാന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ജീവനക്കാരുടെ ശമ്പളം, പെന്ഷന്, എന്നിവ കൊടുക്കാനും പദ്ധതി പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കാനും പണം തികയുന്നില്ല. ട്രഷറിയിലേക്ക് പണം എത്തിക്കാന്‍ കെഎസ്എഫ്ഇ, ബിവറേജസ് കോര്പ്പറേഷന് ,സ ഹകരണസ്ഥാപനം എന്നിവിടങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ഫണ്ട് സ്വരൂപിക്കാനുള്ള നീക്കമാണിപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: