ആലപ്പുഴ: ഭര്‍തൃഗൃഹത്തില്‍ താമസിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൈക്കുഞ്ഞുമായി യുവതി പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പുന്നപ്ര സ്വദേശിനി ആതിരയാണ് രണ്ടു വയസുളള പെണ്‍കുഞ്ഞുമായി ചേര്‍ത്തല പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പുന്നപ്ര കറുകപ്പറമ്പില്‍ വീട്ടില്‍ ആതിരയുടെയും ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശി ജ്യോതിഷിന്റെയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം ഭര്‍തൃവീട്ടില്‍ താമസിച്ച തന്നെ ജ്യോതിഷും കുടുംബാംഗങ്ങളും ചേര്‍ന്ന് നിരന്തരമായി പീഡിപ്പിക്കുകയാണെന്നാണ് ആതിരയുടെ പരാതി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസിന്റെ വാദം അമ്പലപ്പുഴ കോടതിയില്‍ നടക്കുകയാണ്.
ഇതിനിടെ ഭര്‍തൃവീട്ടുകാര്‍ തന്നെ ചേര്‍ത്തലയിലെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇറക്കിവിട്ടതായാണ് ആതിരയുടെ പരാതി. ഇതിനിതെിരെ പരാതിപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചാണ് പോലീസ് സ്റ്റേഷനു മുന്നില്‍ ആതിര കുത്തിയിരുപ്പ് സമരം നടത്തിയത്.
എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം ആതിരയ്ക്കും കുട്ടിക്കും താമസിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ വാടകവീട് സജ്ജമാക്കിയിട്ടുണ്ടെന്നും ഇവിടെ താമസിക്കാന്‍ ആതിര തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നുമാണ് പോലിസിന്റെ നിലപാട്. സ്റ്റേഷനു മുന്നിലെ ആതിരയുടെ സമരത്തെ പറ്റി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: