മാവേലിക്കര: തഴക്കര പഞ്ചായത്തില്‍ കുന്നം ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വെള്ളമില്ലാത്തതിന്റെ പേരില്‍ സ്കൂള്‍ കുട്ടികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും, പ്രകടനവും റോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. മാവേലിക്കര തഹസീല്‍ദാര്‍ പി.എസ്. സ്വര്‍ണ്ണമ്മയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അഞ്ചു മണിക്കൂര്‍ നീണ്ട സമരം അവസാനിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മുതലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം ആരംഭിച്ചത്. പ്രിന്‍സിപ്പലിനെ ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ പിന്നീട് സ്കൂളില്‍ നിന്നും പൈനുമൂട്, ഇറവങ്കര വഴി പ്രകടനം നടത്തി. പൈനുംമൂട് ജങ്ഷനില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തിന് പിന്തുണയുമായി നാട്ടുകാരും പിറ്റിഎയും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി.
ഉച്ചക്ക് ശേഷം സ്കൂളില്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച റവന്യു വകുപ്പിന്റെ നേതൃത്വത്തിലും തുടര്‍ ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്തും 10,000 ലിറ്റര്‍ വെള്ളം വീതം ടാങ്കര്‍ ലോറിയില്‍ സ്കൂളില്‍ എത്തിക്കാമെന്ന് ഉറപ്പു നല്കി. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. സ്കൂള്‍ കിണര്‍ വൃത്തിയാക്കി ആഴം കൂട്ടുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഒരുമാസമായി സ്കൂളില്‍ വെള്ളത്തിന് ക്ഷാമമാണ്. മാവേലിക്കര, തഴക്കര പ്രദേശങ്ങളില്‍ നിന്നുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുകള്‍ ഉണ്ടെങ്കിലും ഇതിലൂടെ വെള്ളം ലഭിക്കുന്നില്ല. സ്കൂളിലെ കിണറ്റിലും വെള്ളമില്ല. പ്രാഥമിക ആവശ്യത്തിനു പോലും വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും കുപ്പിവെള്ളത്തിനെ ആശ്രയിക്കേണ്ടിവരുന്നു. പല വിദ്യാര്‍ത്ഥിനികളും ഇതിനാല്‍ വീട്ടില്‍ തിരികെ എത്തിയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കുന്നത്. ഇതിനെ തുടര്‍ന്ന് രോഗാവസ്ഥയിലായ ആറു വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ ചികിത്സതേടി.
വെള്ളം ലഭിക്കുന്നില്ലെന്ന് കാട്ടി സ്കൂള്‍ അധികൃതര്‍ നിരവധി തവണ ത്രിതല പഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്തില്‍ നിന്നും ഒരു ദിവസം 5000ലിറ്റല്‍ വെള്ളം നല്കിയല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പറഞ്ഞു. അറുനൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 5000 ലിറ്റര്‍ വെള്ളം ഒരു ദിവസത്തെ ആവശ്യത്തിനു പോലും തികയില്ല.
ജില്ലാ പഞ്ചായത്തിനാണ് സ്കൂളിലെ ഉടമസ്ഥതാവകാശം എന്നു പറഞ്ഞ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ കൈയൊഴിയുകയാണെന്നു ആരോപണം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കുടിവെള്ള ക്ഷാമം ഉയര്‍ന്നപ്പോള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും കുഴല്‍ കിണര്‍ അനുവദിച്ചെങ്കിലും ഇതിന്റെ പ്രാരംഭ നടപടികള്‍ മാത്രമാണ് നടന്നതെന്നും സ്കൂള്‍ അധികൃതര്‍ ആരോപിച്ചു. തഹസീല്‍ദാര്‍ നല്കിയ ഉറപ്പു പാലിച്ചില്ലെങ്കില്‍ ശക്തമായ സമരം വീണ്ടും ആരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: