മാവേലിക്കര: കോണ്‍ഗ്രസില്‍ അംഗത്വ വിതരണം ആരംഭിച്ചതോടെ ജില്ലയില്‍ എ, ഐ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും മണ്ഡലങ്ങളിലും പ്രധാന നേതാക്കളുടെ ഗ്രൂപ്പ് യോഗങ്ങള്‍ വിശാല ഐ ഗ്രൂപ്പ് നടത്തി കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വിലക്കുകള്‍ മറികടന്നാണ് രണ്ട് ഗ്രൂപ്പുകളും രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ച് വരുന്നത്.
സമീപ പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വിശാല ഐ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രമുഖനുമായ നേതാവിന്റെ വസതിയാലാണ് ജില്ലയിലെ നേതാക്കള്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് മാന്നാര്‍ എണ്ണയ്ക്കാട്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ വസതതിയില് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ നേതാക്കളുടെ യോഗം ചേര്‍ന്നു.
ഐ ഗ്രൂപ്പിന് സംസ്ഥാനത്ത് നേതൃത്വം നല്കുന്ന അഭ്യരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തന് ബാബുപ്രസാദാണ് യോഗത്തില്‍ പങ്കെടുത്തത്. ഐ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാക്കിയതോടെ എ ഗ്രൂപ്പും രംഗത്തിറങ്ങി കഴിഞ്ഞു. ജില്ലയില്‍ നിന്നുള്ള ഒരു എംപി, എംഎല്‍എ, കെപിസിസി ഭാരവാഹികള്‍ എന്നിവരാണ് എ ഗ്രൂപ്പിന് നേതൃത്വം നല്കി വരുന്നത്.
അടുത്ത ദിവസം മാന്നാറിലും ചെങ്ങന്നൂരിലും ഇവരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സംഘിടിപ്പിക്കും. കെപിസിസി പ്രസിഡന്റിന്റെ അനുകൂലിക്കുന്നവര്‍ ജില്ലയില്‍ കുറവായതിനാല്‍ അത്തരത്തിലുള്ള യോഗങ്ങള്‍ സംഘടിപ്പിക്കുവാന്‍ ആരും തയ്യാറായിട്ടില്ല. മെമ്പര്‍ഷിപ്പിലൂടെ ഗ്രൂപ്പിന് ആധിപത്യമുണ്ടാക്കിയെടുക്കുവാനാണ് ഇരു ഗ്രൂപ്പുകളും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: