നൗകാമ്പ്: സ്പാനിഷ് കിംഗ്സ് കപ്പില്‍ കരുത്തരായ ബാഴ്സലോണക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച പ്രീ ക്വാര്‍ട്ടറിലെ ആദ്യപാദ കൡയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബാഴ്സലോണ എല്‍ഷെയെ തറപറ്റിച്ചു. രണ്ട് ഗോളുകളുമായി സൂപ്പര്‍താരം നെയ്മര്‍ കളം നിറഞ്ഞപ്പോള്‍ മെസ്സിയും സുവാരസും ജോര്‍ഡി ആല്‍ബയും ലക്ഷ്യം കണ്ടു.
കഴിഞ്ഞ ഞായറാഴ്ച ലാ ലീഗയില്‍ റയല്‍ സോസിഡാഡിനോട് 1-0ന് പരാജയപ്പെട്ട ബാഴ്സയുടെ ശക്തമായ തിരിച്ചുവരവിനാണ് നൗകാമ്പ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ബാഴ്സ താരനിര കളിയിലുടനീളം 19 ഷോട്ടുകളാണ് പായിച്ചത്. ഇതില്‍ പത്തെണ്ണവും ലക്ഷ്യത്തിലേയ്ക്കുമായിരുന്നു. അതേസമയം ഒരിക്കല്‍ പോലും എല്‍ഷെ താരങ്ങള്‍ക്ക് ബാഴ്സ ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല.
കളിയുടെ 33-ാം മിനിറ്റ് വരെ ബാഴ്സയെ ഗോളടിക്കാന്‍ വിടാതെ എല്‍ഷെ താരങ്ങള്‍ പിടിച്ചുകെട്ടി. എന്നാല്‍ 34-ാം മിനിറ്റില്‍ എല്‍ഷെ പ്രതിരോധക്കെട്ട് പൊട്ടിച്ച് നെയ്മര്‍ ആദ്യ വെടിയുതിര്‍ത്തു. മെസ്സിയും സുവാരസും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു നെയ്മറര്‍ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുശേഷം ബാഴ്സ ലീഡ് ഉയര്‍ത്തി. ഒറ്റക്ക് പന്തുമായി കുതിച്ചശേഷം സുവാരസ് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്.
തൊട്ടുപിന്നാലെ നെയ്ര് വീണ്ടും ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും പന്ത് പോസ്റ്റിനെ ഉരുമ്മി പുറത്തുപോയി. പിന്നീട് 45-ാം മിനിറ്റില്‍ ബാഴ്സ മൂന്നാം ഗോളും നേടി. നെയ്മറെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നീട് 55-ാം മിനിറ്റില്‍ ആല്‍ബയുടെ ഊഴമായിരുന്നു. മെസ്സി നല്കിയ സുന്ദരമായ പാസ് സുവാരസ് ആല്‍ബക്ക് മറിച്ചുനല്‍കി. പന്ത് സ്വീകരിച്ച് ആല്‍ബ പായിച്ച ഷോട്ട് എല്‍ഷെ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. നാല് മിനിറ്റിനുശേഷം നെയ്മര്‍ തന്റെ രണ്ടാം ഗോളും ബാഴ്സയുടെ അഞ്ചാം ഗോളും സ്വന്തമാക്കി. 20 വാര അകലെനിന്ന് പായിച്ച ഷോട്ടാണ് നെയ്മര്‍ വലയിലാക്കിയത്.
മറ്റൊരു മത്സരത്തില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡ എഫ്സിയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: