കള്ളച്ചൂത് കളിച്ച് എല്ലാം അടിയറവെച്ച പാണ്ഡവന്മാരുടെ നില വളരെ പരിതാപകരമായിരുന്നു. ദുര്യോധനന്റെ രാജസഭയിലേക്ക് വലിച്ചിഴക്കപ്പെട്ട ദ്രൗപദിയുടെ ദുരവസ്ഥ തികച്ചും കരളലിയിക്കുന്നതായിരുന്നു.
തലമുടി ചുറ്റിപ്പിടിച്ച് വസ്ത്രങ്ങള്‍ അഴിക്കാന്‍ മുതിര്‍ന്ന ദുശ്ശാസനന്റെ ആക്രമണത്തില്‍നിന്ന് രക്ഷ യാചിച്ച ദ്രൗപദി പാണ്ഡവരെ നോക്കിയപ്പോള്‍ ലജ്ജിച്ച് അവര്‍ തലതാഴ്‌ത്തി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ദുര്യോധനന്റെ അടിമകളായിക്കഴിഞ്ഞ അവര്‍ നിസ്സഹായരായിരുന്നു.
ശക്തിയുടെ മൂര്‍ത്തിമത്ഭാവമായിരുന്ന ഭീമസേനനുപോലും ശക്തി ക്ഷയിച്ചുപോയി. ദുശ്ശാസനന്‍, കംസന്‍, കീചകന്‍ എന്നിവരുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.
ദ്രൗപദി തന്റെ ഏക ആശ്രയമായ ശ്രീകൃഷ്ണഭഗവാനെ വിളിച്ച് കരഞ്ഞു. ദുശ്ശാസനന്‍ അഴിക്കാന്‍ ശ്രമിക്കുന്ന ഉടുവസ്ത്രത്തെ ഒരു കൈകൊണ്ട് പിടിച്ചും മറ്റേ കൈ തലയില്‍ വെച്ചും ദ്വാരകാവാസീ എന്ന് വിളിച്ച് കരഞ്ഞപ്പോള്‍ ഭഗവാന്‍ വന്നില്ല. പിന്നീട് രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചു ഹൃദയകമലനിവാസാ എന്ന് ശരണാഗത രൂപത്തില്‍ വിളിച്ച് കരഞ്ഞു, ”അങ്ങല്ലാതെ മറ്റാരാണ് എന്നെ രക്ഷിക്കുക”.
ഈ സമയം ശ്രീകൃഷ്ണപരമാത്മാവ് പ്രത്യക്ഷനായി പറഞ്ഞു ”ദ്രൗപദി, ആവശ്യമുള്ള സമയത്ത് ആര്‍ക്കെങ്കിലും ഒരു തുണിക്കഷ്ണം നീ നല്‍കീട്ടുണ്ടോ ഉണ്ടെങ്കില്‍ അതിലൂടെ നിന്നെ എനിക്ക് രക്ഷിക്കാന്‍ സാധിക്കും. എന്റെ കൃപക്ക് പ്രവര്‍ത്തിക്കുവാന്‍ നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യപ്രവൃത്തിയുടെ പിന്‍ബലം വേണം.”
ഒരു രാജ്ഞി എന്ന നിലയില്‍ വസ്ത്രങ്ങളും പാരിതോഷികങ്ങളും അനവധി സന്ദര്‍ഭങ്ങളില്‍ ദ്രൗപദി നല്‍കിയിട്ടുണ്ട്. പക്ഷേ അവയ്‌ക്കുപിന്നിലെ ചേതോവികാരം കാരുണ്യമാണ് എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് കാരുണ്യപ്രേരിതമായ ഒരു ദാനകര്‍മത്തെ ദ്രൗപദി സ്മരിച്ചു, അത് ഇപ്രകാരമാണ് ദ്രൗപദി ഭഗവാനെ അറിയിച്ചത്.
ഒരിക്കല്‍ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ദരിദ്രസ്ത്രീക്ക് ഉണ്ടായിരുന്ന ഒരേ ഒരു മേല്‍വസ്ത്രം ഒഴുക്കില്‍പ്പെട്ട് നഷ്ടമായി. ഈ സംഭവം കണ്ടുകൊണ്ടിരുന്ന എന്റെ ഹൃദയം ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയില്‍ കരുണപൂണ്ട് അലിഞ്ഞുപോയി. യാതൊന്നും ആലോചിക്കാതെ ചേല പകുതി കീറി നദീജല പ്രവാഹത്തില്‍ നിക്ഷേപിച്ചു. ആ ദരിദ്ര സ്ത്രീ വ്യഗ്രതയോടെ നീന്തിച്ചെന്ന് അതിനെ പിടിച്ചെടുത്ത് തന്റെ നഗ്നത മറച്ച് കരയ്‌ക്കുകയറി.
ഈ സംഭവത്തിന്റെ സ്മരണയാണ് ദ്രൗപദി സമര്‍പ്പിച്ചത്. പരമാത്മാവ് സന്തുഷ്ടനായി. വസ്ത്രാവതാരമെടുത്ത് ദ്രൗപദിയുടെ മാനസംരക്ഷണം നടത്തി. ദുശ്ശാസനന്‍ വലിച്ച് വലിച്ച് കൈകുഴഞ്ഞു. പരാജിതനായി നിലംപതിച്ചു.
നാം മറ്റുള്ളവരോട് കാട്ടുന്ന കരുണയാണ് നമുക്ക് ഈശ്വരകൃപയായി തിരിച്ച് ലഭിക്കുന്നത്.
ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: