പുനലൂര്‍: കരവാളൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ബ്ലാവഡി പ്രദേശത്ത് പഞ്ചായത്തിന്റെ കെട്ടിടനിര്‍മ്മാണ അനുമതി വാങ്ങി കുടിവെള്ളപ്ലാന്റ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കങ്ങള്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്.
കരവാളൂര്‍, ഏരൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന എരിച്ചക്കല്‍ തോടിനെ ആശ്രയിച്ച് 620 ഹെക്ടര്‍ പ്രദേശത്ത് ബ്ലാവഡി എന്ന നീര്‍ത്തട പദ്ധതിക്കാണ് 125 ലക്ഷം രൂപയുടെ മണ്ണ്. ജലസംരക്ഷണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥലത്തുതന്നെയാണ്
സ്വകാര്യവ്യക്തി 10 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി കുടിവെള്ളപ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനെതിരെ പരിസരവാസികള്‍ സംഘടിച്ചുകഴിഞ്ഞു. ഭൂഗര്‍ഭജലവകുപ്പിലെ ഉദ്യോഗസ്ഥരുമായി പലപ്രാവശ്യം സ്ഥലം സന്ദര്‍ശിക്കുകയും പരിശോധനകള്‍ നടത്തിവരികയുമാണ്.
ഒരു ഡിപ്പാര്‍ട്ടുമെന്റ് ജലസംരക്ഷണത്തിന് മുതിരുമ്പോള്‍ അതേ പദ്ധതി പ്രദേശത്ത് ജലചൂണഷണത്തിന് മറ്റൊരു ഡിപ്പാര്‍ട്ട്മെന്റ് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. രണ്ടായിരം അടിയോളം താഴ്ചയില്‍ കുഴല്‍കിണര്‍ നിര്‍മ്മിച്ച് പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ഊറ്റുന്നതിനുള്ള പ്രോജക്ടാണ് നടത്താന്‍ ഒരുങ്ങുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുനലൂരില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇതേപ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന പേപ്പര്‍മില്ലില്‍ നിന്നും ഒഴുകിയെത്തുന്ന വിഷാംശം കലര്‍ന്ന ജലം ഉപയോഗിക്കുന്നവരായ നാട്ടുകാര്‍ക്ക് ഇതുകൂടി എത്തുന്നതോടെ കൂട്ടത്തോടെ പാലായനം നടത്തേണ്ട അവസ്ഥയാണുള്ളതെന്നും ഇവര്‍ പറയുന്നു. സ്ഥലം വാര്‍ഡുമെമ്പറും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ ജി.സുരേഷ്കുമാറുമായി ബന്ധപ്പെട്ടപ്പോള്‍ കെട്ടിടാനുമതി മാത്രമാണ് പഞ്ചായത്ത് ചെയ്തിട്ടുള്ളതെന്നും പ്ലാന്റിന്റെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലൈസന്‍സ് എടുക്കാന്‍ മാത്രമേ സ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് ആശ്രയിക്കേണ്ടതുള്ളുവെന്നും ജന്മഭൂമിയോട് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എന്‍.ഷാജിമോന്‍, ആര്.തുളസീധരക്കുറുപ്പ്, ജി.പ്രകാശ് കുമാര്‍, ഡെന്നീസ്.കെ.പാപ്പച്ചന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: