അഞ്ചാലുംമൂട്: സിപിഎം അഞ്ചാലുംമൂട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചിനിടെ എസ്ഐക്കു ക്രൂരമര്‍ദ്ദനം. മാര്‍ച്ചില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവര്ത്തകന് പ്രകോപനമില്ലാതെ എസ്ഐയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശത്തെ ക്രമസമാധാന പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് ക്രമസമാധാനപാലകനായ എസ്ഐയെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനം അഞ്ചുമിനിറ്റോളം നീണ്ടുനിന്നു. സ്റ്റേഷന് മീറ്ററുകള്‍ക്ക് അകലെ മാര്‍ച്ച് തടയാന്‍ ബാരിക്കേഡ് ഉണ്ടായിരുന്നുവെങ്കിലും സംഘര്‍ഷമുണ്ടാകുമെന്ന സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും ആവശ്യത്തിന് പോലീസുകാര്‍ ഇല്ലായിരുന്നു. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് ശ്രമിച്ച വെസ്റ്റ് എസ്ഐ ഗിരീഷിനെയാണ് മൃഗീയമായി മര്‍ദ്ദിച്ചത്.
എസ്ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചിട്ടും ആവശ്യത്തിന് പോലീസ് ഇല്ലാത്തതിനാല്‍ മറ്റുള്ള പോലീസുകാര്‍ നോക്കുകുത്തിയായി മാറിനിന്നു.
എസ്ഐയെ മര്‍ദ്ദിച്ച ഡിവൈഎഫ്ഐ നേതാവ് അമ്പഴവയല്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നിമിഷനേരംകൊണ്ട് സ്ഥലത്തുനിന്ന് അപ്രത്യക്ഷമായി. എസ്ഐയെ മര്‍ദ്ദിച്ചതിന് നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: