കുമരകം: കൃഷ്ണവിലാസം തോപ്പിലെ വനവാസി കുടുംബങ്ങള്‍ വിലക്കുവാങ്ങി കുടിവെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷം കഴിയുന്നു. ഇതിനായി ഓരോ കുടുംബവും മാസം ചിലവിടുന്നത് 1000 രൂപയോളം. കുമരകം 14-ാം വാര്‍ഡില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നല്കിയ ഈ കോളനിയില്‍ ഇവര്‍ക്കായിമാത്രം കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഗവണ്മെന്റ് കോളനിയിലേക്കു മാത്രമായി 2010-ല്‍ പ്രത്യേകം പൈപ്പ് ലൈന്‍ വലിച്ചിരുന്നു. എന്നാല്‍ നിയമം മറികടന്ന് ഈ പൈപ്പുലൈനില്നിന്നും മറ്റുപലയിടങ്ങളിലേക്കും ഹൗസ് കണക്ഷനുകള്‍ കൊടുത്തതായി അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കോളനിയിലേക്ക് വെള്ളമെത്താതായിട്ട് വര്‍ഷങ്ങളായിട്ടും അധികൃതര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരിടതോട്ടിലെ വെള്ളമാണ് കുളിക്കാനും അലക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി കോളനി നിവാസികള്‍ ഉപയോഗിക്കുന്നത്. കോളനിയോട് തൊട്ട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടി ല്‍നിന്നും കായലിലേക്കൊഴുക്കിവിടുന്ന മാലിന്യങ്ങള്‍ കായലിലെ ഏറ്റത്തിന് ഈ ഇടതോട്ടില് നിറയും. ഈ മലിന ജലമാണ് ഇപ്പോള്‍ പ്രാഥമിക ആവശ്യത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. ഇതുമൂലം കോളനിയിലെ വനവാസികളില്‍ പലര്‍ക്കും മാറാ രോഗങ്ങള്‍ പിടിപെട്ട അവസ്ഥയിലുമാണ്. വള്ളം കെട്ടും തടിവെട്ടും തൊഴിലാക്കി ജീവിക്കുന്ന ഇവര്‍ക്ക് വരുമാനമാര്‍ഗ്ഗവും നന്നേ കുറവാണ്. ഈ വനവാസി കോളനിയിലെ നൂറോളം വരുന്ന ജനവിഭാഗത്തോട് പഞ്ചായത്തും വകുപ്പും കുടിവെള്ളമെത്തിക്കാന്‍ പോലും കാട്ടാത്ത അനീതി ക്രൂരതയായാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. അടിയന്തിരമായി ഇവര്‍ക്ക് കുടിവെള്ളമെങ്കിലും എത്തിച്ചുകൊടുക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഊരുമൂപ്പന്റെയും കോളനി നിവാസികളുടെയും അപേക്ഷയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: