കൊച്ചി: ഉമ്മന്‍ചാണ്ടിക്ക് പാമോയില്‍ ഇടപാടില്‍ പങ്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ അന്നത്തെ ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ടി.എച്ച് മുസ്തഫരംഗത്ത് വന്നതാണ് കേസ് പുനരന്വേഷണത്തിന് ഇടയാക്കിയത്.
പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം അജണ്ടയ്ക്ക് പുറത്തുള്ള ഇനമായി ചര്‍ച്ച ചെയ്ത മന്ത്രിസഭായോഗത്തില്‍ ടി.എച്ച്. മുസ്തഫയോടൊപ്പം ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടിരുന്നതായി കോടതി നിരീക്ഷിച്ചത് മുസ്തഫയുടെ ആരോപണത്തെ തുടര്‍ന്നാണ്. ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഒന്നരമാസം ഇത് സംബന്ധിച്ച ഫയല്‍ ഉണ്ടായിരുന്നു. പതിനഞ്ചു ശതമാനം സേവന നികുതി ഈടാക്കി പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത് ധനമന്ത്രിയുടെ അറിവോടെയാണെന്ന് കോടതിഇതോടെ വിലയിരുത്തുകയായിരുന്നു. ഈ മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജി പി.കെ. മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങളൊന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.
പാമോയില്‍ ഇറക്കുമതി ചെയ്യുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ സമ്മതിച്ചിരുന്നു. കേരളത്തില്‍ ഭക്ഷ്യ എണ്ണയുടെ ദൗര്‍ലഭ്യമുണ്ടായ സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. 1992ല്‍ കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെയാണ് 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്തത്.
ടി.എച്ച്. മുസ്തഫ കോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പേരും വലിച്ചിഴച്ചത്. ഇടപാടിന് അംഗീകാരം നല്കിയ അന്നത്തെ ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ തന്നെ മാത്രം കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നായിരുന്നു ടി.എച്ച്. മുസ്തഫ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കേസ് തുടരുന്നതിന് സാധ്യതയുണ്ടാക്കി. കേസ് ഒഴിവാക്കുന്നതിന്റെ ഭാഗമായി കേസിന്റെ പ്രതിപ്പട്ടികയില്നിന്ന്് ജിജി തോംസണെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ടി.എച്ച്. മുസ്തഫ രംഗത്തേത്തിയതും കാര്യങ്ങള്‍ വഷളാക്കി.
പാമോയില്‍ ഇറക്കുമതി വിഷയത്തില്‍ തീരുമാനമെടുത്ത് നടപടി പൂര്‍ത്തിയാക്കിയത് ജിജി തോംസണും അന്നത്തെ ചീഫ് സെക്രട്ടറി എസ്. പത്മകുമാറും ആണെന്നും തനിക്ക് ഇതുമായി ഒരുബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഫയലുകളൊന്നും താന്‍ കണ്ടിട്ടില്ല. മലേഷ്യന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതിന്റെയും മറ്റും രേഖകള്‍ പത്മകുമാര്‍ നേരിട്ട് ജിജി തോംസണിന് നല്‍കുകയായിരുന്നു.
ആ രേഖകളുമായാണ് ജിജി തോംസണ്‍ മലേഷ്യയില്‍ പോയി കമ്പനികളുമായി ധാരണയുണ്ടാക്കിയത്. തിരികെ വരുമ്പോള്‍ ചെന്നൈയില്‍ ഇവരുടെ ഹാന്‍ഡ്ലിങ്ങ് കമ്പനിയുമായി ചര്‍ച്ച നടത്തി. ജിജി തോംസണിന്റെ മലേഷ്യന്‍ യാത്രയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാറിന്റെയോ വകുപ്പുമന്ത്രിയുടെയോ അനുമതിയുണ്ടായിരുന്നില്ല തുടങ്ങിയ മുസ്തഫയുടെ വെളിപ്പെടുത്തലുകളാണ് കേസ് അന്വേഷണത്തിന് കരുത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: