തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിലെ തട്ടിപ്പുകള്‍ തുടരുന്നു. വേദികള്ക്കാവശ്യമായ അഗ്നിശമന-സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറിലാണ് വീണ്ടും തട്ടിപ്പ്. ഒരു പത്രത്തില്‍ മാത്രം ടെണ്ടര്‍ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് ഇന്നലെയാണ്. ഇതിനുള്ള ബിഡ് സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ. ഒരു ദിവസം മാത്രം.
ഇതിന്റെ വിശദാംശങ്ങള്‍ ഇ-ടെണ്ടര്‍ നടപടികള്‍ക്കായുള്ള കേരള സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് പരസ്യത്തില്‍ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ വെബ്സൈറ്റിലോ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ വെബ് സൈറ്റിലോ ഇതു സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ല. എത്ര രൂപയുടെ ഉപകരണങ്ങളാണ് വാങ്ങുന്നതെന്നുള്ളതു പോലും മറച്ചുവയ്ക്കുന്നു. അടിയന്തര ടെണ്ടര്‍ നടപടിക്ക് സ്വീകരിക്കുന്ന സുതാര്യത ഇക്കാര്യത്തില്‍ ഇല്ല. സംസ്ഥാനത്തിന് പുറത്തുള്ള ഒരു കമ്പനിയുമായി ഇടപാട് ഉറപ്പിച്ച ശേഷമാണ് സര്‍ക്കാരിന്റെ കള്ളക്കളി.
ദേശീയ ഗെയിംസിന്റെ സന്ദേശം എഴുതിയ കോട്ടണ്‍ ടി ഷര്‍ട്ട്, ട്രാക്ക് പാന്റ്സ്, ടൗവല്‍ ബാഗ്, സോഫ്റ്റ് ടോയീസ് തുടങ്ങിയവയുടെ വിതരണത്തിനും വന്‍ അഴിമതിയാണ്.ഗെയിംസിന്റെ സാധന സാമഗ്രികള്‍ ശേഖരിക്കുന്നതിലെ ഔദ്യോഗിക പങ്കാളികള്‍ എന്ന പേരില്‍ ഒരു സ്വകാര്യ സ്ഥാപനം സാധനങ്ങള്‍ വന്‍തോതില്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ മാത്രം ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് പത്രപരസ്യം നല്കിയിരിക്കുന്നു. ഒരോ നഗരത്തിലും ഏതാനും പേര്‍ക്കുമാത്രമേ അവസരം ലഭിക്കുവെന്നും, ആദ്യം സമീപിക്കുന്നവര്ക്കായിരിക്കും അവസരമെന്നും പറയുന്നു. ഡയമണ്ട് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് പരസ്യം നല്‍കിയിട്ടുള്ളത്. നാഷണല്‍ ഗെയിംസ് ലോഗോയും പരസ്യത്തിന് ഉപയോഗിക്കുന്ന.
കായിക മേളയുടെ നടത്തിപ്പില്‍ സാംസ്കാരിക-കലാപരിപാടികള്‍ക്കായി ധൂര്‍ത്തടിക്കുന്നത് 58.55 കോടി രൂപ. ഗെസിംസിന്റെ ഉദ്ഘാടന ചടങ്ങിനുമാത്രം 20 കോടി. റണ്‍ കേരളാ റണ്‍ എന്ന പേരില്‍ ധൂര്‍ത്തടിക്കുന്ന 10.50 കോടിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, ഗെയിംസില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ കായിക താരങ്ങളുടെ പരിശീലനത്തിന് നല്കിയതാകട്ടെ 2.50 കോടി മാത്രം. 25 കോടി ഇതിനായി അനുവദിക്കണമെന്നായിരുന്നു ആവശ്യം. നീക്കിവച്ചത് 10 കോടിയും. ഈ ആഴ്ച പരിശീലനം അവസാനിപ്പിക്കും.
ഇതുവരെ പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഗെയിംസിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 70 കോടി രൂപ നീക്കവച്ചു. ഒന്നും ഇതുവരെ എത്തിയിട്ടില്ല. ഉപകരണങ്ങള്‍ സായിയില്‍ നിന്നും വാടകയ്ക്കെടുക്കുമെന്നാണ് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നത്. റണ്‍ കേരള റണ്ണിന് ദേശീയ ഗെയിംസുമായി ബന്ധമില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാല്‍, ഇതിന്റെ സംഘാടനത്തിന് ടെണ്ടര്‍ നടപടികള്‍ നടത്തിയതും, ഈവന്റ് മാനേജുമെന്റ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയതും നാഷണല്‍ ഗെയിംസ് സെക്രട്ടറിയറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: