കുമളി: മുല്ലപ്പെരിയാര്‍ ഡാമില്‍ ആഴ്ചയിലൊരിക്കല്‍ ഉപസമിതി പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം നടപ്പാകാതായിട്ട് ഒന്നരമാസം. പരിശോധന നടത്തുന്നതിന് തമിഴ്നാട്ടില്‍ നിന്നുള്ള ഉപസമിതിയംഗങ്ങള്‍ വിട്ട് നില്‍ക്കുന്നതാണ് കാരണം. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് സുപ്രീംകോടതി തമിഴ്നാടിന് അനുമതി നല്കിയ അവസരത്തിലാണ് മേല്‍നോട്ട സമിതി (ഉന്നതാധികാര സമിതി) ഉപസമിതിയെ നിയമിച്ചത്. ഈ സമിതിയാണ് ഡാം ആഴ്ചയിലൊരിക്കല്‍ പരിശോധിക്കുന്നതിന് ഹരീഷ്് ഉമ്പര്ജിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ നിശ്ചയിച്ചത്.
തമിഴ്നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികള്‍ അടങ്ങുന്നതായിരുന്നു ഉപസമിതി. രണ്ട് മാസം ഉപസമിതി കൃത്യമായി പ്രവര്‍ത്തിച്ചു. നവംബറിലാണ് അവസാനമായി കമ്മറ്റി ചേര്‍ന്നത്. ജലനിരപ്പ് 142 അടിയിലെത്തിയതിന് ശേഷം ഉപസമിതി യോഗം തമിഴ്നാട് പ്രതിനിധികള്‍ ബഹിഷ്ക്കരിക്കുകയാണ്.
മിനിറ്റ്സ് ബുക്കില്‍ ഒപ്പിടാനും തയ്യാറാകുന്നില്ല. ഇപ്പോള്‍ ഡാമില്‍ 123 അടി വെളളമാണുള്ളത്. ഉപസമിതി പ്രഹസനമായതോടെ ഡാമിന്റെ ചോര്‍ച്ചയുടെ തോത് മേല്‍നോട്ട സമിതിക്ക് മുന്നിലെത്തിക്കുന്നതിനുള്ള കേരളത്തിന്റെ വഴി അടഞ്ഞു. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഉപസമിതിയോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളം കത്ത് അയച്ചെങ്കിലും അവഗണിക്കുകയാണ്.
കുമളി ഒന്നാം മൈലില്‍ ഉപസമിതിയംഗങ്ങള്ക്ക് തമാസിക്കാനായി 15000 രൂപ പ്രതിമാസ വാടകയ്ക്ക് എടുത്ത കെട്ടിടം അനാഥമായി കിടക്കുന്നു. കെട്ടിടത്തിന്റെ വാടക തമിഴ്നാട് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വാടക ഇപ്പോഴും കൊടുക്കുന്നത് കേരളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: