കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്ഥാന സ്കൂള്‍ കലോത്സവം രാമനാട്ടം -2015 ഇന്ന് തുടങ്ങുമെന്ന് സ്വാഗതസംഘം ചെയര്മാന് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി. കെ. വേലായുധന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടക്കുന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ അഞ്ഞൂറോളം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും. 10, 11 തീയതികളില്‍ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ഇരുനൂറോളം ഇനങ്ങളില്‍ പത്ത് വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും.
ഇന്ന് രാവിലെ ഒന്‍പതിന് കലോത്സവത്തിന് പതാക ഉയരും. രാവിലെ 10 മുതല്‍ മത്സരാര്‍ത്ഥികളുടെ രജിസ്ട്രേഷന് ആരംഭിക്കും. വൈകിട്ട് 4.30ന് നടക്കുന്ന ഉദ്ഘാടനസഭയില്‍ വിദ്യാഭാരതി ദേശീയ സംസ്കൃതിബോധന് പര്യോജന് പ്രമുഖ് വിജയ് ഗണേശ് കുല്‍ക്കര്‍ണി ദീപം തെളിയിക്കും. കലോത്സവ സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, കലോത്സവം വ്യവസായവകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്. രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എന്‍. സി. ടി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേന്ദ്രമന്ത്രി എം. പി. വീരേന്ദ്രകുമാര്‍ മുഖ്യാതിഥിയായും എം.കെ. രാഘവന് എംപി വിശിഷ്ടാതിഥിയായും പങ്കെടുക്കും. ആചാര്യ എം. ആര്. രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തും. സംവിധായകന് മേജര്‍ രവി വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കും.
ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, അഡീഷണല്‍ ഡിഎംഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സി. ഹംസക്കോയ, ഗ്രാമപഞ്ചായത്ത് അംഗം പി. കൃഷ്ണന്, തോട്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് പി. സി. ജനാര്ദ്ദനന് മാസ്റ്റര്‍, രാമനരസിംഹദാസ് (ഇസ്കോണ്‍), സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി. കെ. വേലായുധന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കലോത്സവലോഗോ തയ്യാറാക്കിയ സതീഷ് പാലോറ, സ്വാഗതഗാനം രചിച്ച മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, സ്വാഗതഗാനത്തിന് സംഗീതം നല്കിയ ജയന് മാസ്റ്റര്‍, ജ്യോതിര്‍ഗമയ നൃത്തസംഗീതശില്പത്തിന്റെ രചന നിര്‍വ്വഹിച്ച പി.കെ. ഗോപി, സംവിധാനം ചെയ്ത കനകദാസ് പേരാമ്പ്ര, സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുവ മജീഷ്യനുമായ മാസ്റ്റര്‍ ബ്രഹ്മാനന്ദ് എന്നിവരെ ഉദ്ഘാടനസഭയില്‍ ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിവേദിത കലാക്ഷേത്ര അവതരിപ്പിക്കുന്ന ജ്യോതിര്‍ഗമയ നൃത്തസംഗീതശില്പം അരങ്ങേറും.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ശോഭായാത്ര നടക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ് ശോഭായാത്ര ഉദ്ഘാടനം ചെയ്യും. താലപ്പൊലി, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍, വിവിധ കലാരൂപങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ ശോഭായാത്രയെ വര്‍ണ്ണാഭമാക്കും.
11ന് വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അദ്ധ്യക്ഷന്‍ ഡോ.പി.കെ. മാധവന് മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സംസ്ഥാന കലോത്സവ പ്രമുഖ് പി.കെ. സാബു, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് എം. മാധവന് മാസ്റ്റര്‍, ജില്ലാസെക്രട്ടറി കെ.വി. ചന്ദ്രന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് എം. മാധവന് മാസ്റ്റര്‍, മീഡിയ കമ്മറ്റി കോ- ഓര്‍ഡിനേറ്റര്‍ കെ.എസ്. വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: