കോട്ടയം: ആതുരസേവന മേഖലയിലും സാമൂഹിക സേവനരംഗത്തും സമഗ്ര സംഭാവനകള്‍ നല്കിയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ആദരിക്കും.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 11 ന് കൊല്ലത്ത് കൊയിലോണ്‍ ബീച്ച് ഹോട്ടല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആയുഷ് വകുപ്പു മന്ത്രി ശ്രീപദ് യെശോ നായിക് ആദരിക്കും. ആയുര്‍വേദ ചികിത്സ ശാസ്ത്രത്തിന്റെ ആഗോളവ്യാപകമായ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന സ്വാമി ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്.
ആത്മീയ നേതാവ്, പ്രഭാഷകന്‍,എഴുത്തുകാരന്, സാംസ്കാരിക നായകന് എന്നീ നിലകളിലെല്ലാം സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വാമി പ്രവാസി മലയാളി അസോസിയേഷന്, യൂണിയന് ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്, സ്വസ്തി ഫൗണ്ടേഷന്, പ്രേം നസീര്‍ ഫൗണ്ടേഷന്, മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് തുടങ്ങിയവയുടെ മുഖ്യ രക്ഷാധികാരി കൂടിയാണ്.
10, 11 തീയതികളില്‍ കൊല്ലം ബീച്ച് ഹോട്ടലില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. “സ്ത്രീകളുടെ ആരോഗ്യം ആയുര്‍വേദത്തിലൂടെ ” എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തില്‍ പരം ആയുര്‍വേദ ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: