തൃശൂര്‍: പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള 25 നാടകങ്ങള്‍ അരങ്ങേറുന്ന രാജ്യാന്തര നാടകോത്സവം നാളെ തൃശൂരില്‍ തുടങ്ങും. സംഗീത നാടക അക്കാദമിയിലെ അഞ്ചു വേദികളിലായി 17 വരെയാണ് നാടകോത്സവം.
പാലസ്തീന്,ലെബനന്,സിറിയ,ടുണീഷ്യതുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്മാര് നാടകാവതരണത്തിന് ഇതാദ്യമായി ഇന്ത്യയിലെത്തുന്നുവെന്നത് പ്രധാന ആകര്‍ഷണമാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി.കൃഷ്ണന്‍നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജപ്പാന്, ശ്രീലങ്ക, ഈജിപ്ത്, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാടക സംഘങ്ങളും തൃശൂരിലെത്തും. ഏഴ് മലയാള നാടകങ്ങളും അവതരിപ്പിക്കും.
കെ.ടി.മുഹമ്മദ് തിയേറ്റര്‍, മുരളി മെമ്മോറിയല്‍ തിയേറ്റര്‍, എന്‍.എന്‍.പിള്ള ടെന്റ് തിയേറ്റര്‍, നാട്യഗൃഹം, തുറന്ന വേദി എന്നിവിടങ്ങളിലാണ് നാടകങ്ങള്‍ അരങ്ങേറുക. നാളെ രാത്രി ഏഴിന് ലെബനന് നാടകമായ ലുസീന- ഒബീഡിയന്‍സ് ട്രെയ്നിംഗ് എന്ന നാടകത്തോടെയാണ് ഏഴാമത് ഇറ്റ്ഫോക്കിന് തുടക്കമാവുക.
നാളെ വൈകീട്ട് 5.30ന് മുരളി തിയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടകോത്സവം ഉദ്ഘാടനം ചെയ്യും. നടന് മധു മുഖ്യാതിഥിയായിരിക്കും. മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. മന്ത്രി സി.എന്‍.ബാലകൃഷ്ണന്, എംപിമാരായ സി.എന്‍.ജയദേവന്, പി.കെ.ബിജു, ഇന്നസെന്റ് എന്നിവര്‍ പങ്കെടുക്കും.
നാടകം കാണാന്‍ ഇത്തവണ മുതല്‍ 20 രൂപ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായും നാടകം നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഇറ്റ്്ഫോക്ക് ക്ൗണ്ടറില് നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ഒന്നേകാല്‍ കോടി രൂപയാണ് നാടകോത്സവത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് വില്പന വഴി രണ്ടര ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. അമ്പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: