പാലക്കാട്: കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട മലയാളികളുടെ കാറില്‍ നിന്ന് റോഡിലേക്കു ചിതറിവീണത് കോടികള്‍. അപകടം നടന്നതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിക്കൂടിയവര്‍ റോഡില്‍ കിടക്കുന്ന നോട്ടുകെട്ടുകളില്‍ നിന്ന് കൈയ്യില്‍ കിട്ടിയതുമായെടുത്ത് മുങ്ങി.
കോയമ്പത്തൂര്‍ മധുക്കരൈ-നീലാമ്പൂര്‍ ബൈപ്പാസില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാലക്കാട്ടേക്കു വരികയായിരുന്ന കാറും കോയമ്പത്തൂര്‍ -അരശിപ്പാളയം റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്റ്റേറ്റ് കോര്പറേഷന് ബസുമാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായതോടെ കാറിന്റെ ഡോര്‍ വശങ്ങളില് പ്രത്യേക അറകളില്‍ സുക്ഷിച്ചിരുന്ന അഞ്ഞൂറു രൂപയുടെ കെട്ടുകള്‍ റോഡിലേക്ക് ചിതറി വീഴുകയായിരുന്നു.
മലപ്പുറം മാനൂര്‍ സ്വദേശി ജലീല്‍, കോഴിക്കോട് സ്വദേശി യാസര്‍, കോട്ടയം സ്വദേശി ജാഫര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡില്‍ റെയില്‍വേ കാറ്ററിംഗ് ബിസിനസ് നടത്തുന്ന മുസ്തഫ സ്വദേശമായ മലപ്പുറത്തേക്ക് കൊടുത്തുവിട്ടതാണ് പണമെന്ന് ഇവര്‍ പറയുന്നു. മൂന്നു കോടിയിലേറെ രൂപ കാറിലുണ്ടായിരുന്നുവെന്നാണ് ഇവര്‍ നല്കിയ വിവരം. എന്നാല്‍ പണം സംബന്ധിച്ച് രേഖകളൊന്നുമില്ലാത്തതിനാല്‍ ഇത് ഹവാലാ പണമായിരിക്കാം എന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാറില്‍ നിന്നും റവന്യൂ എന്‍ഫോഴ്മെന്റ് രണ്ടു കോടി അമ്പത്തിയഞ്ചു ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: