തിരുവനന്തപുരം: പാമോലിന്‍ അഴിമതിക്കേസില്‍ പ്രതിയായ ജിജി തോംസണെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനു പോലും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2011ല്‍ പാമോലിന്‍ കേസില്‍ കുറ്റവിചാരണ നേരിടുന്ന പി ജെ തോമസിനെ ചീഫ് വിജിലന്‍സ് കമ്മീഷണറാക്കിയ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവിട്ടത്. സുപ്രീം കോടതിയുടെ ഈ വിധി ജിജി തോംസന്റെ കാര്യത്തിലും ബാധകമാണെന്ന് വി.എസ് പറഞ്ഞു.
പാമോലിന്‍ കേസിലെ പ്രധാന പ്രതികളിലൊരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥാനായി അതേ അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ജിജി തോംസണ്‍ കൂടി എത്തുന്നതോടെ ഭരണനേതൃത്വമാകെ അഴിമതിക്കാരുടെ കേളീരംഗമായി മാറും. പിന്നീട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമൊക്കെ അഴിമതിയാരോപണങ്ങളുടെ ഈടുവയ്പ്പില്‍ പുതിയ അഴിമതികള്‍ക്ക് കളമൊരുക്കാനും കഴിയും.
രാജ്യത്തിനാകെ അഭിമാനമായി മാറേണ്ട ദേശീയ ഗെയിംസിനെയും സ്വന്തം കീശ വീര്‍പ്പിക്കാനുള്ള അവസരമാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ അഴിമതിക്ക് അരങ്ങൊരുക്കിയിട്ടുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍, അഴിമതിക്കേസില്‍ വിചാരണ നേരിടുന്നയാളെ ചീഫ് സെക്രട്ടറിയാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: