പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയും മുഖ്യസൂത്രധാരനുമായ സിപിഎം നേതാവ് അറസ്റ്റില്‍.
സിപിഎം പാട്യം ലോക്കല്‍ കമ്മറ്റിയംഗവും കിഴക്കെ കതിരൂര്‍ ബ്രഹ്മാവ് മുക്ക് സ്വദേശിയുമായ പുത്തലത്ത് പൊയില്‍ രാമചന്ദ്രന് എന്ന മുച്ചിറിയന്‍ രാമ(42)നെയാണ് സിബിഐ ഇന്നലെ അറസ്റ്റു ചെയ്തത്.
ഇയാളെ ഇന്ന് തലശേരി കോടതിയില്‍ ഹാജരാക്കും. പാട്യം ക്ഷീരോത്പാദക സംഘം പ്രസിഡന്റ്കൂടിയായ രാമന് മനോജിന്റെ കൊലപാതകത്തിനുശേഷം ഒളിവിലായിരുന്നു. കൊലപാതകത്തിനിടെ ബോംബേറില്‍ പരിക്കേറ്റ ഒന്നാം പ്രതി വിക്രമന് ആദ്യമെത്തിയത് രാമന്റെ വീട്ടിലാണ്. അവിടെ നിന്നും പ്രാഥമിക ശൂശ്രൂഷ നല്കിയ ശേഷം കേസിലെ മറ്റൊരു പ്രതിയായ ചപ്ര പ്രകാശനെ വിളിച്ചുവരുത്തി വിക്രമനെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതും രാമനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മനോജ് വധത്തില്‍ നേരിട്ട് പങ്കുള്ള ദേശാഭിമാനി ജീവനക്കാരന് ബക്കളത്തെ കൃഷ്ണനെ മാത്രമേ ഇനി പിടികൂടാനുള്ളു. മുച്ചിറിയന്‍ രാമന്റെ അറസ്റ്റോടെ സംഭവത്തിലെ ഗൂഢാലോചനയുടെ വിവരങ്ങള്‍ കൂടുതല്‍ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് സിബിഐ സംഘം. അതേസമയം, റിമാന്റില്‍ കഴിയുന്ന വിക്രമന് ഉള്‍പ്പെടെ നാലുപ്രതികളെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് സിബിഐ നല്കിയ ഹര്‍ജിയില്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വിധിപറയും. നേരത്തെ കസ്റ്റഡിയില്‍ കിട്ടിയപ്പോള്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് സിബിഐയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: